രാജ്യത്തെ ഏറ്റവും വലിയ ദുരന്തം-ദേശീയ ദുരന്ത നിവാരണസേന

തൃശൂർ: രാജ്യം കണ്ടതിൽ ഏറ്റവും വലിയ ദുരന്തവും രക്ഷാപ്രവർത്തനവുമാണ് കേരളത്തിലുണ്ടായതെന്ന് ദേശീയ ദുരന്ത നിവാരണ സേന. സേനയുടെ 58 ടീമാണ് സംസ്ഥാനത്ത് രക്ഷാപ്രവർത്തനം നടത്തിയത്. രാജ്യത്ത് ഇതുവരെ സേനയുടെ ഇത്രയും ടീം ഒന്നിച്ച് രക്ഷാപ്രവർത്തനം നടത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമാന്‍ഡൻറ് ജി. വിജയന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ കൂടാതെ പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് 2,610 പേരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. സംസ്ഥാനത്ത് സേന നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ ഏറ്റവും വലുതും വിഷമമേറിയതും മാള പൂവ്വത്തുശ്ശേരി സ​െൻറ് ജോസഫ് പള്ളിയിൽ കുടുങ്ങിയ 1,000 പേരെ രക്ഷിച്ചതാണ്. സാഹസികമായാണ് ഇവരെ രക്ഷിച്ചത്. ഡാം കൂടുതൽ തുറന്നതിനെത്തുടർന്ന് പ്രളയജലം ഉയർന്ന ഇടുക്കി ചെറുതോണി പാലത്തിലൂടെ രോഗം മൂര്‍ഛിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചതാണ് മറ്റൊന്ന്. മരിച്ച് 48 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാൻ പള്ളിയിൽ എത്തിക്കാൻ കഴിയാതിരുന്ന ബന്ധുക്കളെ സഹായിച്ചതും മറക്കാനാവില്ല. പൂവ്വത്തുശ്ശേരി പള്ളിക്ക് സമീപമായിരുന്നു ഇത്. പ്രളയത്തില്‍ ഒറ്റപ്പെട്ട നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ 535 രക്ഷാപ്രവർത്തനമാണ് നടത്തിയത്. 18,077 പേരെ അപകട മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. 119 കാലികളെയും രക്ഷിച്ചു. വിവിധയിടങ്ങളിൽ നിന്ന് 10 മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവർത്തനങ്ങളിൽ 21 ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘവുമുണ്ടായിരുന്നു. നാട്ടുകാർ നന്നായി സഹകരിച്ചു. തൃശൂര്‍ രാമവര്‍മപുരത്താണ് സേനയുടെ സംസ്ഥാനത്തെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. താമസിയാതെ കൊച്ചിയിൽ ആസ്ഥാനമുണ്ടാകും. രണ്ടു വർഷം മുമ്പാണ് സംസ്ഥാനത്ത് സേന എത്തിയത്. ഇപ്പോൾ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെൈന്ന ടീമിനെ ഇവിടെ നിലനിർത്തിയിട്ടുണ്ട്. മറ്റുള്ളവർ തിരിച്ചു പോയി. സേനാംഗങ്ങളായ ടി.എം. ജിതേഷ്, ബി.എസ്. സിങ്, എം.കെ. രാജീവ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.