തൃശൂർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 911 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിലെ സംഘം പരിശോധന നടത്തി. സ്കൂൾ കുട്ടികളിൽ പകർച്ച വ്യാധികളും ആരോഗ്യപ്രശ്നങ്ങളും നിയന്ത്രിക്കാൻ സ്കൂളുകളിലെയും പരിസരത്തെയും ശുചിത്വമില്ലായ്മയും കൊതുകു പെരുകുന്നതിനു കാരണമായ സാഹചര്യങ്ങളും ഒഴിവാക്കുക, കുടിവെള്ളത്തിെൻറ സുരക്ഷിതത്വം ഉറപ്പുവരുത്തുക, സ്കൂളിൽ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക എന്നീ ലക്ഷ്യത്തോടെ ആരോഗ്യ ജാഗ്രത, ഹെൽത്തി കേരള എന്നീ പരിപാടികളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. സർക്കാർ, സർക്കാറിതര വിദ്യാലയങ്ങളിലെ കിണറുകൾ, കുടിവെള്ള സംഭരണികൾ, മൂത്രപ്പുര, ഹോസ്റ്റലുകൾ, സ്റ്റോറുകൾ, പാചക പുരയുടെയും പാചക തൊഴിലാളികളുടെയും ശുചിത്വം, വിദ്യാലയ പരിസരം തുടങ്ങിയവ ജില്ല മെഡിക്കൽ ഓഫിസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്. കുടിവെള്ള ഗുണമേന്മ പരിശോധിക്കാത്ത 47 സർക്കാർ സ്കൂളുകൾക്കും 58 സ്വകാര്യ സ്കൂളുകൾക്കും കൊതുകുജന്യ സാഹചര്യങ്ങളുള്ള ആറ് വീതം സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുര ഇല്ലാത്ത എട്ട് സർക്കാർ സ്കൂളുകൾക്കും ഒമ്പത് സ്വകാര്യ സ്കൂളുകൾക്കും പുകവലി നിയന്ത്രണ നിയമപ്രകാരമുള്ള അനുബന്ധ ബോർഡുകൾ സ്ഥാപിക്കാത്ത 26 സർക്കാർ സ്കൂളുകൾക്കും 24 സ്വകാര്യ സ്കൂളുകൾക്കും ഉപാധികളോടെ നോട്ടീസ് നൽകി. പരിശോധനയുടെ ഭാഗമായി വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവിലുള്ള 348 കടകളിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന പരിശോധിച്ചു. നാല് കടകൾക്ക് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.