അക്ഷരമുറ്റത്തേക്ക് ആനന്ദത്തോടെ

കയ്പമംഗലം: എടത്തിരുത്തി-പൈനൂര്‍ ഭാഗത്ത് തെരുവിൽ കഴിഞ്ഞിരുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട നായാടി കുടുംബങ്ങളിലെ അഞ്ച് കുട്ടികള്‍ സുമനസ്സുകളുടെയും സാമൂഹ്യപ്രവർത്തകരുടെയും ഇടപെടലിലൂടെ അക്ഷരമുറ്റത്തേക്ക്. ശ്രീക്കുട്ടന്‍(12), വിജയ്‌ (11), രാജേശ്വരി (അഞ്ച്), രേവതി (നാല്), അര്‍ച്ച (നാല്) എന്നിവരാണ് ചെന്ത്രാപ്പിന്നി ഈസ്റ്റ് പി.എം.എം.യു.പി സ്കൂളില്‍ എത്തുന്നത്. ശ്രീക്കുട്ടനെയും വിജയിനെയും പ്രായം പരിഗണിച്ച് നാലാം ക്ലാസിലും രാജേശ്വരിയെ ഒന്നിലും മറ്റു രണ്ടു പേരെ എല്‍.കെ.ജിയിലുമാണ് ചേര്‍ത്തിട്ടുള്ളത്. അക്ഷരാഭ്യാസം ഇല്ലാത്ത ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ സ്കൂളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യൂനിഫോം, ബാഗ്, കുട, പുസ്തകങ്ങള്‍ തുടങ്ങി എല്ലാം സ്കൂള്‍ അധികൃതരും സുമനസ്സുകളും നല്‍കി. ഇവരുടെ രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സലിങ് ക്ലാസുകള്‍ മതിലകം ബി.ആര്‍.സി നേതൃത്വത്തില്‍ നടത്തും. മാര്‍ച്ച് ആദ്യത്തിലാണ് 12 കുടുംബങ്ങളിലായി 50 ഓളം നായാടികള്‍ തെരുവില്‍ താമസിക്കുന്ന കാര്യം മാധ്യമങ്ങളിൽ വരുന്നത്. മലപ്പുറം, തൃശൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വർഷങ്ങൾക്ക് മുമ്പാണേത്ര ഇവർ വലപ്പാട്-എടത്തിരുത്തി ഭാഗത്ത് എത്തിയത്. ആനവിഴുങ്ങിയില്‍ അടഞ്ഞുകിടക്കുന്ന കടത്തിണ്ണ ഇവര്‍ക്ക് ആശ്രയമായി. പുറമ്പോക്കില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിച്ചും പൊതുടാപ്പില്‍നിന്ന് വെള്ളം ശേഖരിച്ചും ഇവർ ജീവിച്ചു. കൂട്ടത്തിലെ പുരുഷന്മാർ കൂലിപ്പണിയെടുത്തും സ്ത്രീകൾ പച്ചമരുന്നും മറ്റും വിറ്റ് ജീവിക്കാനുള്ള വക കണ്ടെത്തും. ഒന്നരമാസമായ കുഞ്ഞുങ്ങള്‍ മുതല്‍ നടക്കാൻ കഴിയാത്ത, കാഴ്ചശക്തി നഷ്ടപ്പെട്ട 90 വയസ്സുള്ള മുത്തശ്ശിയുള്‍പ്പെടെയുള്ളവര്‍ ഇവരുടെ കൂട്ടത്തിലുണ്ട്. ജനിച്ചതും വളർന്നതും കേരളത്തിലാണെങ്കിലും ഇവര്‍ക്ക് ആധാർ കാർഡോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. താമസിക്കാനൊരിടത്തിനായി പല ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും രേഖകൾ ഇല്ലാത്ത കാരണത്താൽ തിരസ്ക്കരിക്കപ്പെട്ടു. രാത്രി കുഞ്ഞുങ്ങളെ സ്വന്തം ദേഹത്ത് കെട്ടിയിട്ടാണ് മാതാപിതാക്കള്‍ ഉറങ്ങിയിരുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ ഇവരുടെ അനാഥാവസ്ഥ ഏറ്റെടുത്തതോടെ ഇ.ടി. ടൈസൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ എടത്തിരുത്തി, വലപ്പാട് പഞ്ചായത്തു പ്രസിഡൻറുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥന്മാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, ജനപ്രതിനിധികള്‍, ജനമൈത്രി പൊലീസ് എന്നിവരുടെ സംയുക്ത യോഗം എം.എല്‍.എ മുൻകൈ എടുത്ത് വിളിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കി. റേഷന്‍ കാര്‍ഡിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. യുവാക്കളില്‍ മിക്കവര്‍ക്കും പലയിടങ്ങളിലായി തൊഴില്‍ ഏര്‍പ്പാടാക്കി. ആല്‍ഫ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍, സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം.അഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകളിൽ താല്‍ക്കാലിക താമസ സൗകര്യവും ഒരുക്കി. പിന്നീടാണ് കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ എത്തിക്കാനുള്ള നടപടി. അങ്ങനെയാണ് എം.എല്‍.എയുടെയും എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്‌, പൊലീസ് കെയര്‍ കമ്മിറ്റിയംഗം ഷമീര്‍ എളേടത്ത്, വി.കെ. ജ്യോതിപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് കുരുന്നുകള്‍ സ്കൂളില്‍ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.