ഗുരുവായൂര്‍: തീർഥാടന നഗര വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പ്രസാദിൽ ഉൾപ്പെടുത്തി ഗുരുവായൂർ ക്ഷേത്രത്തിലും പരിസരത്തുമായി 310 നിരീക്ഷണ കാമറകൾ സ്ഥാപിക്കും. 5.25 കോടി രൂപ ചെലവിലാണ് കാമറകൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഊരാലുങ്കർ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റി പ്രതിനിധികളുമായി ദേവസ്വം അധികൃതർ ഇതു സംബന്ധിച്ച് ചർച്ച നടത്തി. ക്ഷേത്രത്തിനകത്തും നടപ്പുരയിലും പരിസരത്തുമായാണ് കാമറകൾ സ്ഥാപിക്കുന്നത്. കൊറിയൻ കമ്പനിയുടേതാണ് കാമറകൾ. ജൂൺ രണ്ടാം വാരം മുതൽ സ്ഥാപിക്കാൻ തുടങ്ങും. മൂന്ന് മാസത്തിനകം കാമറകൾ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണ സമിതി അംഗം കെ.കെ. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ എന്നിവരുമായാണ് സൊസൈറ്റി പ്രതിനിധികൾ ചർച്ച നടത്തിയത്. പ്രസാദ് പദ്ധതിയിൽ നഗരസഭക്ക് അനുവദിച്ച പദ്ധതികളുടെ നിർമാണം തുടങ്ങിയെങ്കിലും ദേവസ്വത്തിൽ പദ്ധതികൾ എങ്ങുമെത്തിയിരുന്നില്ല. ഭരണ സമിതി മാറിയതോടെയാണ് പദ്ധതി ദേവസ്വത്തിൽ സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.