ദേശസ്‌നേഹം ദേശപൂജയല്ല ^ കെ.ഇ.എൻ

ദേശസ്‌നേഹം ദേശപൂജയല്ല - കെ.ഇ.എൻ തൃശൂർ: ഇന്ത്യയില്‍ സങ്കുചിത ദേശീയവാദികളായ ഭരണാധികാരികള്‍ അടിച്ചേല്‍പിക്കുന്ന ദേശപൂജക്ക് ദേശീയതയുമായി ഒരു ബന്ധവുമില്ലെന്ന് കെ.ഇ.എന്‍. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഇന്ത്യന്‍ദേശീയതയുടെ രൂപവത്കരണവും സാഹിത്യപശ്ചാത്തലവും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത് വന്‍കിട കോർപറേറ്റുകളുടെ കച്ചവടതാൽപര്യങ്ങളുമായി സംയോജിക്കുക എന്നതാണ്. അങ്ങനെ നിലവില്‍വരുന്ന മൂലധനഭീകരത മാനവികമൂല്യങ്ങളെ പാപ്പരാക്കുന്നു. സര്‍ഗാത്മകതയുള്ള മനസ്സുകളില്‍ ഭയം വിതക്കുന്നു. ദലിതര്‍ക്ക് പൂർണപൗരത്വം നിഷേധിക്കുന്നു. വിപണിയുടെ സംരക്ഷണത്തിനായി ഫാഷിസ്റ്റുകള്‍ ജനാധിപത്യത്തി​െൻറ നിർവചനം പോലും അട്ടിമറിക്കുന്നു. വായു, വെള്ളം, ഭൂമി എന്നിങ്ങനെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ ചൂഷണം ചെയ്യുകയാണ് ലക്ഷ്യം. ദേശസ്‌നേഹം എന്നത് ഭാഷ, ഭൂപ്രകൃതി, സാമ്പത്തിക ജീവിതം എന്നിവയിലൂടെ രൂപപ്പെടുന്ന ഒരു ജനതയുടെ ജീവിതാനുഭവമാണ്. ദേശീയത ഒരിക്കലും പൂർണവസ്തുവല്ല. പൂര്‍ണതയിലേക്ക് വികസിക്കുന്ന നിരന്തരപ്രക്രിയയാണ്. എന്നാല്‍, പ്രാദേശിക സ്വത്വത്തേയും ബഹുസ്വരതയേയും ഇല്ലാതാക്കി ഹിന്ദുത്വവാദികള്‍ മതാധിഷ്ഠിതമായ ദേശരാഷ്ട്രം എന്ന സങ്കല്‍പം ഉയര്‍ത്തുന്നു. ആക്രമണോത്സുകമായ വ്യാജദേശീയത അടിച്ചേൽപിക്കുന്നതില്‍ ഇന്ത്യന്‍ഫാഷിസം വിജയിച്ചു കഴിഞ്ഞു. അതിനുദാഹരണമാണ് എം.എഫ്. ഹുസൈന് സംഭവിച്ച പൗരത്വനഷ്ടം. സര്‍ക്കാര്‍ തീരുമാനിക്കുന്ന രാഷ്ട്രീയചട്ടക്കൂടിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് യഥാർഥ ദേശീയത എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയാണ് ഇന്ത്യന്‍ഫാഷിസം. പുരാണേതിഹാസങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്‌കാരത്തെ പുനര്‍നിർമിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ഒരു സംഭാവനയും നല്‍കാത്തവരാണ് ദേശസ്‌നേഹത്തി​െൻറ ഇന്നത്തെ ചാമ്പ്യന്മാര്‍. ഇതിനെതിരെ സര്‍ഗാത്മകപ്രതിരോധം തീര്‍ക്കുക എന്നത് ജാതിമത ചിന്തകള്‍ക്കതീതമായ മതേതരാനുഭൂതിയായി ദേശീയതയെ കാണുന്നവരുടെ കടമയാണ്. തിയറ്ററില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ ചാടി എഴുന്നേറ്റ് നില്‍ക്കലല്ല ദേശീയത എന്ന് കെ.ഇ.എന്‍ പറഞ്ഞു. അക്കാദമി പ്രസിഡൻറ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.എസ്. രവികുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി. മോഹനന്‍, ഡോ.വി.സി. സുപ്രിയ, ടി.ആര്‍. മായ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.