മറ്റത്തൂരിൽ പ്രതിവര്‍ഷം പത്തുലക്ഷം ഒൗഷധ സസ്യത്തൈ ഉൽപാദിപ്പിക്കും

കൊടകര: പ്രതിവര്‍ഷം പത്ത് ലക്ഷം ഔഷധ സസ്യത്തൈകള്‍ ഉല്‍പാദിപ്പിക്കാവുന്ന നഴ്‌സറിക്ക് കോടാലിയില്‍ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം തുടക്കം കുറിച്ചു. ദേശീയ സംസ്ഥാന ഔഷധ സസ്യബോര്‍ഡുകളുടേയും പീച്ചി വനഗവേഷണ കേന്ദ്രത്തി​െൻറയും സഹകരണത്തോടെയാണ് നഴ്‌സറി ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ഔഷധ സസ്യബോര്‍ഡ് എന്നിവയുടെ സഹായത്തോടെ പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന ഔഷധ വനം പദ്ധതിയുടെ ഭാഗമാണ് പദ്ധതി. പോളി ഹൗസ് സംവിധാനമൊരുക്കിയാണ് നഴ്‌സറിയില്‍ ഔഷധ സസ്യങ്ങള്‍ വളര്‍ത്തുന്നത്. ഇവിടെ വളര്‍ത്തുന്ന പത്ത് തരം ഔഷധ ചെടികളില്‍ പ്രധാനം കുറുന്തോട്ടിയാണ്. ഓരില, മൂവില, കച്ചോലം, അടപതിയന്‍, ശതാവരി, ഇരുവേലി, കൊടുവേലി, ആടലോടകം എന്നിവയുടെ തൈക്കളും ഉൽപാദിപ്പിക്കും. വിത്തുകള്‍ വനഗവേഷണ കേന്ദ്രവും ഔഷധ സസ്യബോര്‍ഡുമാണ് നല്‍കുന്നത്. തൈകള്‍ ഔഷധ വനം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് നല്‍കും. ഇവര്‍ കൃഷി ചെയ്തുണ്ടാക്കുന്ന സസ്യങ്ങള്‍ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം ന്യായവില നല്‍കി സംഭരിച്ച് ഔഷധി ഉള്‍പ്പെടെ ആയുർവേദ ഔഷധ നിര്‍മാതാക്കള്‍ക്ക് വിറ്റഴിക്കും. കോടാലിയിലെ ഔഷധസസ്യ നഴ്‌സറി പീച്ചി വനഗവേഷണ കേന്ദ്രത്തി​െൻറ ഉപകേന്ദ്രമാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരികയാണെന്ന് സംഘം സെക്രട്ടറി കെ.പി. പ്രശാന്ത് പറഞ്ഞു. വനഗവേഷണ കേന്ദ്രത്തിനാവശ്യമായ ഔഷധ സസ്യങ്ങള്‍ കരാറടിസ്ഥാനത്തില്‍ ഇവിടെ നിന്ന് ഉൽപാദിപ്പിച്ച് നല്‍കും. ജൂൺ-ജൂലൈ മാസങ്ങളില്‍ മാത്രം നാല് ലക്ഷത്തോളം കുറുന്തോട്ടി തൈകള്‍ ഇവിടെ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഔഷധ സസ്യങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഴ്‌സറി മറ്റത്തൂരിലാണ് എന്ന് പ്രശാന്ത് പറഞ്ഞു. ഒൗഷധ വനം പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള പുതുക്കാട് മണ്ഡലത്തിലെ കര്‍ഷകര്‍ക്കാവശ്യമായ െതെകള്‍ നല്‍കിയ ശേഷം ബാക്കി വരുന്നവ ജില്ലയിലെ ഇതര ഭാഗങ്ങളില്‍ ഔഷധ സസ്യകൃഷി നടത്താനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.