സമയത്തിന്​ ചികിത്സ കിട്ടാതെ കാല്‍ മുറിക്കേണ്ടി വന്നു; ഒരു ലക്ഷം രൂപ നല്‍കണം ^മനുഷ്യാവകാശ കമീഷന്‍

സമയത്തിന് ചികിത്സ കിട്ടാതെ കാല്‍ മുറിക്കേണ്ടി വന്നു; ഒരു ലക്ഷം രൂപ നല്‍കണം -മനുഷ്യാവകാശ കമീഷന്‍ തൃശൂർ: യഥാസമയം ചികിത്സ നല്‍കാത്തതിനെ തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച രോഗിയുടെ കാല്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നിർദേശിച്ചു. സംഭവം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കമീഷന്‍ ഉത്തരവ് പാലിക്കാത്ത മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഗുരുതര വീഴ്ച വരുത്തിെയന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. തൃശൂര്‍ എല്‍ത്തുരുത്ത് ലാലൂര്‍ സ്വദേശി ആൻറണിക്കാണ് ദുരനുഭവം ഉണ്ടായത്. 2017ല്‍ ഉണ്ടായ ഓട്ടോറിക്ഷ അപകടത്തില്‍ പരിക്കേറ്റ ആൻറണിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യഥാസമയം ചികിത്സ ലഭിക്കാത്തതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. കൃത്യസമയം ചികിത്സ ലഭിക്കാതായതോടെ കാൽ പഴുത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കാൽ കാല്‍ മുറിക്കണമെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അച്ഛനും അമ്മയും പെണ്‍കുട്ടികളുമടങ്ങുന്ന ആൻറണിയുടെ കുടുംബം വരുമാന മാര്‍ഗമില്ലാതെ ദുരിതത്തിലാണ്. കമീഷന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. തോംസി അനില്‍ ജോണ്‍സന്‍ ത​െൻറ വകുപ്പധ്യക്ഷന് നല്‍കിയ റിപ്പോര്‍ട്ടാണ് കമീഷനിലേക്ക് അയച്ചത്. ഡോ. തോംസി അനില്‍ ചികിത്സ സഹായത്തിനുള്ള മെഡിക്കല്‍ ബില്‍ ഒപ്പിട്ട് നല്‍കിയില്ലെന്ന് പരാതിക്കാരന്‍ കമീഷനെ അറിയിച്ചു. റിപ്പോര്‍ട്ട് ചോദിക്കുമ്പോള്‍ പരാതിക്കാര​െൻറ മൊഴിയെടുക്കാതെ ഏകപക്ഷീയമായി തീര്‍പ്പാക്കുന്നത് നിയമാനുസൃതമല്ലെന്ന് ഉത്തരവില്‍ പറഞ്ഞു. ചികിത്സ രേഖകള്‍ പരിശോധിക്കാതെയും തെളിവെടുക്കാതെയും നടത്തുന്ന പ്രഹസനങ്ങള്‍ നിയമവാഴ്ചക്ക് നിരക്കുന്നതല്ലെന്നും ഉത്തരവില്‍ പറഞ്ഞു. യഥാസമയം ചികിത്സിച്ചിരുന്നെങ്കില്‍ സ്വന്തം കാല്‍ സംരക്ഷിക്കാമായിരുന്നു എന്ന പരാതിക്കാര​െൻറ വാദം പരിശോധിക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. ചികിത്സ സഹായത്തിനുള്ള ബില്ലിലും സര്‍ട്ടിഫിക്കറ്റിലും ഒപ്പിട്ട് നല്‍കാന്‍ ഡോക്ടര്‍ വിസമ്മതിച്ചുവെന്ന പരാതി ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് രണ്ടാഴ്ചക്കകം രേഖകള്‍ പരിശോധിച്ച് തീര്‍പ്പാക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന് നല്‍കിയ ചികിത്സയെകുറിച്ച് സമഗ്രമായ അന്വേഷണം വേണം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വകുപ്പിലെ ഉന്നതതല ടീമിന് ചുമതല നല്‍കണം. മൂന്നു മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കണം. പരാതിക്കാരന് സര്‍ക്കാര്‍ മറ്റേതെങ്കിലും സമാശ്വാസം നല്‍കിയിട്ടുണ്ടോ എന്ന് കലക്ടര്‍ ഒരു മാസത്തിനകം അറിയിക്കണം. കേസ് ബുധനാഴ്ച തൃശൂരില്‍ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.