വിദ്യാർഥികളിൽനിന്ന്​ പിരിവ്​; നാട്ടിക എസ്​.എൻ കോളജിനെതിരെ അന്വേഷണം

തൃശൂർ: നാട്ടിക എസ്.എൻ കോളജിൽ വിദ്യാർഥികളിൽനിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി വിജിലൻസിന് വിദ്യാർഥികളുടെ മൊഴി. സർക്കാർ ഗ്രാൻറും യു.ജി.സി ആനുകൂല്യങ്ങളും പറ്റുന്ന കോളജിൽ വിദ്യാർഥികളിൽനിന്ന് അനാവശ്യ പണപ്പിരിവ് നടത്തുന്നുവെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കോടതി നിർദേശിച്ച അന്വേഷണത്തിലാണ് വിദ്യാർഥികൾ മൊഴി നൽകിയത്. വിദ്യാർഥി പ്രവേശന സമയത്ത് ഭീമമായ തുക പി.ടി.എ ഫണ്ടുൾപ്പെടെ ആവശ്യങ്ങൾ പറഞ്ഞ് പിരിച്ചെടുത്തു. 2014-15ൽ ഒന്നാം വർഷ ബിരുദത്തിന് ചേർന്ന വിദ്യാർഥികളിൽനിന്ന് 7,000 രൂപ വീതവും ബിരുദാനന്തര വിദ്യാർഥികളിൽനിന്ന് 8,000 രൂപ വീതവും പിരിച്ചു. ബിരുദത്തിന് 320 വിദ്യാർഥികളും ബിരുദാനന്തര ബിരുദത്തിന് 110 വിദ്യാർഥികളുമുണ്ട്. ആ വർഷം തന്നെ പി.ടി.എയുടെ പേരിൽ 12.50 ലക്ഷം പിരിച്ചെടുത്തു. യൂനിയൻ കലോത്സവത്തിന് മൂന്ന് ലക്ഷം രൂപ െചലവിട്ടതായി പറയുന്നുണ്ടെങ്കിലും കണക്കില്ല. പിരിച്ചെടുക്കുന്ന ഭീമമായ തുക സ്റ്റാഫ് അഡ്വൈസർ പി.എസ്. ജയയും പ്രിൻസിപ്പൽ ഡോ. അനിത ശങ്കറുമാണ് കൈകാര്യം ചെയ്യുന്നതെന്ന് വിദ്യാർഥികൾ വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒരു ഫണ്ടും പിരിക്കരുതെന്ന് ചട്ടമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽനിന്നും പണപ്പിരിവ് നടത്തുന്നുണ്ട്. പിരിക്കുന്ന പണത്തിന് രസീത് പോലും നൽകുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. പ്രതികരിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും കോളജിൽനിന്ന് പുറത്താക്കുകയും പ്രതികാര നടപടികളെടുക്കുകയും ചെയ്യുന്നു. വിദ്യാർഥികളുടെ സംഘടന പ്രവർത്തനവും ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും വിദ്യാർഥികൾ വിജിലൻസിനെ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനെയും പ്രിൻസിപ്പൽ ഡോ. അനിത ശങ്കറിനെയും പ്രതിയാക്കിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. തൃശൂർ വിജിലൻസ് യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.