തൃശൂർ: സി.എം.പി (അരവിന്ദാക്ഷൻ വിഭാഗം) ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് തൃശൂരില്‍ സമാപിച്ചു. എം.കെ. കണ്ണൻ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. പാട്യം രാജന്‍, എം.എച്ച്. ഷാരിയാര്‍, ജി. സുഗുണന്‍, ടി.സി.എച്ച്. വിജയന്‍, കൂടത്താങ്കണ്ടി സുരേഷ്, എം. ജയപ്രകാശ്, വി.എന്‍. രാജന്‍, വികാസ് ചക്രപാണി എന്നിവര്‍ സെക്രേട്ടറിയറ്റ് അംഗങ്ങളാണ്. 61 അംഗ കേന്ദ്ര കമ്മിറ്റിയേയും െതരഞ്ഞെടുത്തു. കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം െവച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി കമ്പനികൾ വൻതോതിൽ ഭൂമി കൈവശം െവച്ചിട്ടുണ്ട്. നിയമപ്രകാരം വ്യക്തിക്ക് പരമാവധി 15 ഏക്കര്‍ ഭൂമി കൈവശം വെക്കാം. എന്നാല്‍ ഈ നിയമം മറികടക്കാന്‍ വ്യാജ കമ്പനികളുണ്ടാക്കി ഭൂമാഫിയ യഥേഷ്ടം വിഹരിക്കുകയും ക്രയവിക്രയം നടത്തുകയുമാണ്. വിദ്യാഭ്യാസ രംഗത്തുൾപ്പെടെ ഇന്ത്യയുടെ ചരിത്രം കാവിവത്കരിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ ബഹുജന മുന്നേറ്റം അത്യാവശ്യമാണെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അമേരിക്കയില്‍നിന്നുള്ള കോഴിക്കാല്‍ ഇറക്കുമതി ഭക്ഷ്യസുരക്ഷയുടെ അന്തഃസത്ത ചോദ്യം ചെയ്യുന്നതാണ്. കോഴിക്കാല്‍ ഇറക്കുമതി തീരുമാനം പുനഃപരിശോധിക്കണം. ആദിവാസികള്‍ക്കുവേണ്ടി അളന്നു തിട്ടപ്പെടുത്തിയ ഭൂമി അവര്‍ക്കുതന്നെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാറിെൻറ പുത്തന്‍ തൊഴില്‍നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കുശേഷം നടന്ന പൊതുചര്‍ച്ചക്കു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി മറുപടി പറഞ്ഞു. തുടർന്ന് രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടും ഭരണഘടന ഭേദഗതിയും സമ്മേളനം അംഗീകരിച്ചു. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പാട്യം രാജന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.