കോമളത്തിന്​ വിദഗ്ധ ചികിത്സ: മെഡിക്കൽ കോളജിലേക്ക് മാറ്റി

തൃശൂർ: പുഴുവരിച്ച് അർധബോധാവസ്ഥയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയ വയോധികയെ വിദഗ്ധ ചികിത്സക്കായി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരുടെ ബന്ധുവിനെ വിളിച്ചു വരുത്തിയ പൊലീസ് സംരക്ഷണ ചുമതല ഏൽപ്പിച്ചു. പൂങ്കുന്നം സീതാറാം മിൽ ലെയിനിൽ തെക്കുമുറി വീട്ടിൽ കോമളത്തിനെയാണ് (65) പൂങ്കുന്നത്തെ വീട്ടിനുള്ളിൽ നിന്നും പുഴുവരിച്ച നിലയിൽ ഞായറാഴ്ച വൈകീട്ട് നാട്ടുകാർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കൗൺസിലറുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ ഇവരെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർ നിർദേശിച്ചതനുസരിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിവാഹിതയായ ഇവർ സഹോദരങ്ങൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. രണ്ട് സഹോദരങ്ങളാണത്രെ ഇവർക്കുള്ളത്. ഇതിൽ ഒരാൾ കോമളത്തി​െൻറ സ്വത്തും സമ്പാദ്യങ്ങളും കൈക്കലാക്കിയ ശേഷം ദിവസങ്ങൾക്ക് മുമ്പ് കോമളത്തെ പൂങ്കുന്നത്ത് തന്നെയുള്ള ബന്ധുവീട്ടിലാക്കി. നാല് ദിവസം മുമ്പ് ബന്ധുക്കൾ കോമളത്തെ വീണ്ടും ഈ വീട്ടിൽതന്നെ കൊണ്ടുവിട്ടു. ഞായറാഴ്ച വൈകീട്ട് വീട്ടിനുള്ളിൽ നിന്നും ഞെരക്കം കേട്ടതിനെ തുടർന്ന് അയൽക്കാർ നോക്കിയപ്പോഴായിരുന്നു പുഴുവും ഉറുമ്പും വന്ന നിലയിൽ കോമളത്തെ കണ്ടത്. തൃശൂരിൽ തന്നെ താമസിക്കുന്ന സഹോദരങ്ങളെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും കിട്ടിയില്ല. വീട് പൂട്ടിയ നിലയിലായിരുന്നു. ഇതേ തുടർന്നാണ് ബന്ധുവിനെ സംരക്ഷണം ഏൽപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.