ജാമ്യത്തിലിറങ്ങിയ ഗുണ്ടകൾ ആക്രമണം അഴിച്ചുവിടുന്നു ചെന്ത്രാപ്പിന്നിയിൽ ഗുണ്ടാരാജ്

ചെന്ത്രാപ്പിന്നി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ ജാമ്യത്തിലിറങ്ങിയതോടെ ചെന്ത്രാപ്പിന്നിയിൽ ഗുണ്ടാരാജ്. ഇവരുടെ ആക്രമണത്തെ ഭയന്ന് കഴിയുകയാണ് നാട്ടുകാർ. വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ചിലരാണ് ചെന്ത്രാപ്പിന്നി, കണ്ണനാകുളം, അലുവത്തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്ക് നേരെ ആക്രമണവും കവർച്ചയും നടത്തുന്നത്. വീടുകളും കടകളും ആക്രമിക്കുക, വ്യാപാരികളെയും വഴിപോക്കരെയും ക്രൂരമായി മർദിക്കുക, എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് ഇവരുടെ പരിപാടി. ആക്രമണത്തിന് ഇരയാകുന്നവര്‍ വീണ്ടും ആക്രമണം ഭയന്ന് പരാതിപോലും കൊടുക്കാന്‍ തയാറാകുന്നില്ല. ഒരാഴ്ചക്കിടെ രണ്ട് പേര്‍ക്കാണ് ഇവരുടെ ക്രൂരമര്‍ദനമേറ്റത്. ആളുകള്‍ നോക്കിനിൽക്കെ കാരണമില്ലാതെ മര്‍ദിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ചെന്ത്രാപ്പിന്നിയില്‍ വ്യാപാരിയായ ഭഗീരഥനെ മർദിച്ച് പണവും സ്വർണാഭരണവും കവര്‍ന്നവര്‍ തന്നെയാണ് ശനിയാഴ്ച അലുവത്തെരുവിലും ആക്രമണം നടത്തിയത്. അലുവത്തെരുവ് സ്വദേശി തണ്ടയാംപറമ്പില്‍ വത്സനെയാണ് ഇവര്‍ ആക്രമിച്ചത്. തല പൊട്ടി ചോരയൊലിച്ചു കിടന്ന ഇയാളുടെ അടുത്ത് പോകാൻ പോലും ഗുണ്ടകളെ ഭയന്ന് ആരും തയാറായില്ല. പിന്നീട് സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. സ​െൻററില്‍ നിരവധി ആളുകളുള്ളപ്പോഴായിരുന്നു രണ്ടിടങ്ങളിലും ഗുണ്ടകള്‍ ആക്രമണം നടത്തിയത്. തടയാന്‍ ചെല്ലുന്നവരെയും മർദിക്കുന്ന അവസ്ഥയില്‍ ജീവനില്‍ ഭയമുള്ളതിനാല്‍ തങ്ങൾ നിസ്സഹായരാണെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ പലപ്പോഴായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. കണ്ണനാംകുളത്ത് ഗുണ്ട ഭീഷണി നിമിത്തം പല വീടുകളും പണിപാതിയിൽ നിർത്തിയിരിക്കുകയാണ്. ഭൂമി വില്‍ക്കാനോ വാങ്ങാനോ സാധിക്കുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു. നിരവധി രാഷ്ട്രീയ പാര്‍ട്ടികൾ സജീവമായ ചെന്ത്രാപ്പിന്നിയില്‍ ഒരാളും ഗുണ്ട വിളയാട്ടത്തിനെതിരെ പ്രതികരിക്കാത്തത് അക്രമികള്‍ക്ക് തരമായിരിക്കുകയാണ്. നേരത്തെ ഒരുതവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ആരും പ്രതികരിച്ചിട്ടില്ല. പല ആക്രമണത്തിലും ഇരകള്‍ പരാതി നല്‍കാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന് പറഞ്ഞ് പൊലീസ് കൈ കഴുകുകയാണ്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രദേശത്ത് അരക്ഷിതാവസ്ഥ വ്യാപിക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.