ഡ്യൂട്ടി മെഡി. ഒാഫിസർമാർ മുങ്ങുന്നു; ഗവ. മെഡിക്കൽ കോളജിൽ അത്യാഹിത രോഗികൾ വലയുന്നു

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് സഹായമായി വിവിധ വകുപ്പുകൾ നിയമിച്ച ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ സ്ഥിരമായി മുങ്ങുന്നു. ഇവരുടെ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികളുടെ പരാതികൊണ്ട് മെഡിക്കൽ കോളജ് അധികൃതർ പൊറുതിമുട്ടി. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നതിനാണ് ഓരോ വകുപ്പും ഒരു ഡോക്ടറെ ഡ്യൂട്ടി മെഡിക്കൽ ഓഫിസറായി നിയമിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾ നിവർത്തിക്കുന്നതിനും ഒഴികെ ഇവർ മുഴുവൻ സമയവും അത്യാഹിത വിഭാഗത്തിൽ ഉണ്ടാകണമെന്നാണ് നിയമം. എന്നാൽ, ഭൂരിഭാഗം മെഡിക്കൽ ഓഫിസർമാരും അത്യാഹിത വിഭാഗത്തിൽ കാണില്ല. ഡ്യൂട്ടി സമയം കഴിയുന്ന സമയത്തായിരിക്കും ഇവർ പ്രത്യക്ഷപ്പെടുക. ഹൗസ് സർജൻമാരും പി.ജി ഡോക്ടർമാരും ആയിരിക്കും ഈ സമയം അത്യാഹിത വിഭാഗം നിയന്ത്രിക്കുക. മാസങ്ങൾക്ക് മുമ്പ് അത്യാഹിത വിഭാഗത്തിൽ പ്രിൻസിപ്പൽ നടത്തിയ മിന്നൽ പരിശോധനയിൽ ഡ്യൂട്ടിയിൽ കാണാതിരുന്ന ഡോക്ടർമാർക്ക് മെമ്മോ നൽകിയിരുന്നു. ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ ലഭിക്കുന്നത് അനിശ്ചിതമായി വൈകും. രോഗികൾ മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിൽ കാത്തു കിടക്കേണ്ടിയും വരും. ചികിത്സ വൈകുന്നതുമൂലം രോഗികൾ മരണപ്പെടുന്നതുവരെ സമീപകാലത്തായി ഏറെയാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പിക്കാൻ അവിടെ 'എമർജൻസി സ്പെഷൽ മെഡിസിൻ വിഭാഗം'പ്രവർത്തന സജ്ജമാക്കണമെന്നും നാല് ഡോക്ടർമാരുൾപ്പെടുന്ന സംഘത്തിന് മറ്റെല്ലാ ചുമതലകളിൽനിന്നും ഒഴിവാക്കി ഒന്നിടവിട്ട് ഡ്യൂട്ടി ക്രമീകരിച്ച് നൽകണമെന്നും സീനിയർ ഡോക്ർമാർ അഭിപ്രായപ്പെടുന്നു. രോഗികൾക്ക് ചികിത്സ കിട്ടാത്ത അവസ്ഥ പരിഹരിക്കാൻ ഇൗ സംവിധാനം ഉതകുമെന്ന് അവർ ചൂണ്ടിക്കാട്ടി. അതിനിടെ, അത്യാഹിത വിഭാഗത്തിൽ സർജറി - മെഡിസിൻ വിഭാഗങ്ങൾ വേറിട്ട് പ്രവർത്തിച്ചിരുന്നത് ഒരുമിച്ചാക്കാനുള്ള തീരുമാനം ആശങ്കകൾക്ക് വഴിവെച്ചു. സ്ഥലസൗകര്യമില്ലാത്തതിനാൽ ഭാഗികമായി മാത്രമേ ഇത് നടപ്പിലാക്കിയിട്ടുള്ളൂ. അത്യാഹിത വിഭാഗത്തിന് സമീപം പൊതുവായ എക്സറേ യൂനിറ്റാണുള്ളത്. സ്കാൻ, ലാബ് പരിശോധനകൾക്ക് ഒരു നില കയറേണ്ട ഗതികേടിലാണ് രോഗികൾ. 1400 കട്ടിലുകൾ; രണ്ടായിരത്തിൽപരം കിടപ്പുരോഗികൾ മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ കിടക്കാൻ സൗകര്യമില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്നു. 17 വാർഡുകളിലായി 1400 കട്ടിലുകളാണ് ഉള്ളത്. എന്നാൽ മൊത്തം കിടപ്പു രോഗികളുടെ എണ്ണം രണ്ടായിരത്തിൽ കൂടുതലാണ്. സ്ഥലമില്ലാത്തതിനാൽ നിരവധി രോഗികളെ നിലത്താണ് കിടത്തിയിരിക്കുന്നത്. ആളുകൾ നടന്ന് പോകുന്ന വഴിയിൽപോലും രോഗികൾ കിടക്കുകയാണ്. ഓർത്തോ, സർജറി, മെഡിസിൻ എന്നീ വാർഡുകളിലാണ് കൂടുതലായും രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെപോലും നിലത്ത് കിടത്തേണ്ടി വരുന്നു. നിലത്ത് കിടത്തി ചികിത്സ മഴക്കാലത്താണ് രോഗികളെ കൂടുതലും ദുരിതത്തിലാക്കുന്നത്. വാർഡുകളിലെ ചളിയിലും വെള്ളത്തിലുമാണ് രോഗികൾക്ക് കിടക്കേണ്ടിവരുക. ഇതുമൂലം രോഗികൾക്ക് അണുബാധ ഉണ്ടാകുന്നത് പതിവാണ്. അതേസമയം, ആശുപത്രിയുടെ പലയിടങ്ങളിലായി ധാരാളം സ്ഥലം വെറുതെ കിടക്കുന്നുണ്ട്. വാർഡുകളിൽ മൂട്ട ശല്യവും ശൗചാലയങ്ങളിലെ ശോച്യാവസ്ഥയും ഉണ്ടാക്കുന്ന ദുരിതം വേറെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.