കൊടകര: മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂൾ വിദ്യാർഥിനി ഗായത്രിയുടെ സി. നായരുടെ വിജയത്തിന് െഎതിഹാസിക മാനമുണ്ട്. ക്ലാസ് മുറിയില്‍ വീല്‍ചെയറിലിരുന്ന് പഠിച്ച് പരീക്ഷയെഴുതിയ ഈ കൊച്ചുമിടുക്കിയുടെ വിജയം വൈകല്യത്തെ നിശ്ചയദാര്‍ഢ്യംകൊണ്ട് പരാജയപ്പെടുത്തിയതിെൻറ കഥയാണ്. നന്തിക്കര ജെ.പി ഗാര്‍ഡനില്‍ നമ്പിട്ടിയത്ത് ചെന്താമരാക്ഷന്‍--മിനി ദമ്പതികളുടെ ഏകമകൾ ഗായത്രി ജന്മനാ അരയ്ക്കുകീഴെ തളര്‍ച്ച ബാധിച്ചതിനാൽ നാല് വരെ വീട്ടിലിരുന്നാണ് പഠിച്ചത്. ഉദ്യോഗസ്ഥനായിരുന്ന അച്ഛനൊപ്പം ഗായത്രി ഡൽഹിയിലായിരുന്നു. അവിടുത്തെ വിദ്യാലയങ്ങളില്‍ പ്രവേശനം തേടിയപ്പോൾ വൈകല്യമുള്ളവരുടെ വിദ്യാലയങ്ങളില്‍ ചേര്‍ക്കാനായിരുന്നു നിർദേശിച്ചത്. അത്തരം സ്‌കൂളുകളില്‍ താൽപര്യമില്ലാത്തതിനാല്‍ നാല് വരെ ഗായത്രിയെ വീട്ടിലിരുത്തി പഠിപ്പിച്ചു. മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അഞ്ചാം ക്ലാസിൽ സ്‌കൂളില്‍ ചേര്‍ത്തു. ഒമ്പതാം ക്ലാസിലാണ് ഗായത്രിയെ ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ ചേര്‍ത്തത്. ദിവസവും രാവിലെ അച്ഛന്‍ കാറില്‍ മകളെ സ്‌കൂള്‍ മുറ്റത്ത് എത്തിക്കും. തുടര്‍ന്ന് വീല്‍ചെയറിലിരുത്തി ക്ലാസിലെത്തിക്കും. ഉച്ചക്ക് അച്ഛന്‍ എത്തി വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കി വീണ്ടും സ്‌കൂളിലെത്തിക്കും. വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞ് തിരികെ കൊണ്ടുപോകാനും ചെന്താമരാക്ഷന്‍ കാറുമായെത്തും. മകള്‍ക്ക് വേണ്ടി ഉദ്യോഗം പോലും ഉപേക്ഷിച്ച ചെന്താമരാക്ഷന് ഗായത്രിക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കണമെന്നത് ജീവിതാഭിലാഷമാണ്. മാതാപിതാക്കളുടെ ആഗ്രഹം ഉള്‍ക്കൊണ്ട് വൈകല്യം മറന്ന് കഠിന പ്രയത്‌നം നടത്തിയാണ് ഗായത്രി ഇപ്പോള്‍ മികച്ച വിജയം നേടിയത്. സയന്‍സ് വിഷയങ്ങളിലും കണക്കിലും നൂറില്‍ നൂറ് മാര്‍ക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഗായത്രി പറഞ്ഞു. പ്ലസ്ടുവിന് ശേഷം ഐ.ഐ.ടിയില്‍ പഠിച്ച് ബഹിരാകാശ ശാസ്ത്രജ്ഞയാകണമെന്നാണ് ഗായത്രിയുടെ ആഗ്രഹം. പ്ലസ്ടുവിന് ശേഷം മകളുടെ തുടര്‍പഠനത്തിനായി തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ തയാറെടുക്കുകയാണ് ചെന്താരാക്ഷനും മിനിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.