ഗുരുവായൂർ: അന്യമതസ്ഥനെ പ്രണയിച്ചതിന് മംഗലാപുരത്ത് വീട്ടുതടങ്കലിൽ പാർപ്പിച്ച യുവതിയെ കേരള പൊലീസിെൻറ ഇടപെടലിലൂടെ കർണാടക പൊലീസ് മോചിപ്പിച്ച് കോടതിയിൽ ഹാജരാക്കി. യുവതിയെ മംഗലാപുരത്തെ മഹിള മന്ദിരത്തിച്ച് പൊലീസ് സംരക്ഷണത്തിലാക്കി. മേയ് രണ്ടിനാണ് സംഭവം. ഗുരുവായൂരിനടുത്ത് കണ്ടാണശേരി സ്വദേശിയായ യുവതിയെയാണ് കർണാടക പൊലീസ് മോചിപ്പിച്ചത്. രണ്ട് വർഷത്തോളമായി തന്നെ തടങ്കലിൽ പാർപ്പിച്ച് ദേഹോപദ്രവം ഏൽപ്പിക്കുന്നതായി ഡി.ജി.പി അടക്കമുള്ളവർക്ക് യുവതി അയച്ച വീഡിയോ സന്ദേശമാണ് മോചനത്തിന് വഴി തെളിച്ചത്. ഏഴ് വർഷം മുമ്പ് പിതാവ് മരണപ്പെട്ട യുവതി ക്രൂരപീഡനങ്ങളിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന് പിതാവിെൻറ ബന്ധുക്കളോട് അഭ്യർഥിക്കുന്ന രീതിയിലാണ് സന്ദേശം. ബി.ജെ.പി നിയന്ത്രണത്തിലുള്ള മംഗലാപുരത്തെ ഒരിടത്താണ് താമസിപ്പിച്ചിട്ടുള്ളതെന്നും സന്ദേശത്തിൽ ഉണ്ട്. സന്ദേശം ശ്രദ്ധയിൽപ്പെട്ട കേരള ഡി.ജി.പി വിവരം കർണാടക ഡി.ജി.പിയെ അറിയിച്ചു. തുടർന്ന് മംഗലാപുരം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ യുവതിയും മാതാവും താമസിക്കുന്ന സ്ഥലം കണ്ടെത്തി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്ത് രണ്ടിന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മുസ്ലിം സമുദായക്കാരനായ യുവാവിനെ പ്രണയിച്ചതിെൻറ പേരിൽ അമ്മയുടെ ഒത്താശയോടെ തന്നെ പലയിടത്തായി താമസിപ്പിച്ച് ഉപദ്രവിക്കുന്നതെന്നാണ് യുവതിയുടെ മൊഴി. ആദ്യം തൃശൂരിലെ ഒരു കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പിന്നീട് മാനസികരോഗ ചികിത്സയെന്ന പേരിൽ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസം ഇവിടെയായിരുന്നു. ഇവിടെ നിന്ന് മാനസിക നില തകരാറിലാണെന്ന രേഖയുണ്ടാക്കിയത്രെ. പിന്നീടാണ് മംഗലാപുരത്തേക്ക് മാറ്റിയത്. തടങ്കലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം തല്ലി ചതച്ചുവെന്നും യുവതി പറഞ്ഞത്രെ. എന്നാൽ മകളുടെ മാനസിക നില തകരാറിലാണെന്ന നിലപാടാണ് മാതാവ് കോടതിയിൽ സ്വീകരിച്ചത്. യുവതിക്ക് വേണ്ടി 2016ൽ കാമുകൻ കേരള ഹൈകോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയേപ്പാൾ ഇവരുടെ മാനസികനില തകരാറിലാണെന്ന് തെളിയിക്കാൻ സമർപ്പിച്ച രേഖകളും അന്ന് തനിക്കൊപ്പം മകളെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവും അമ്മ മംഗലാപുരം കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ കേരള പൊലീസിന് കൈമാറണമെന്ന കർണാടക പൊലീസിെൻറ വാദത്തെ മജിസ്ട്രേറ്റ് രൂക്ഷമായി വിമർശിച്ചു. യുവതിയെ മാതാവിനൊപ്പം വിട്ടയക്കാതെ മംഗലാപുരത്തെ മഹിള മന്ദിരത്തിലേക്ക് മാറ്റി. ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാനും നിർദേശിച്ചു. കോടതി നിർദേശിക്കുന്ന പക്ഷം യുവതിയെ ഏറ്റെടുക്കാൻ ഡി.ജി.പിയുടെ നിർദേശ പ്രകാരം ഗുരുവായൂർ പൊലീസ് മംഗലാപുരത്ത് എത്തിയിരുന്നു. എന്നാൽ, ഇവർക്ക് പെൺകുട്ടിയുമായി സംസാരിക്കാൻ അനുമതി ലഭിച്ചില്ല. ബി.കോം ബിരുദധാരിണിയായ പെൺകുട്ടി അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.