ജീതുവി​െൻറ കൊലപാതകം: വിതുമ്പലോടെ മോനൊടി ഗ്രാമം

വെള്ളിക്കുളങ്ങര: ഭര്‍ത്താവി​െൻറ കൊടും ക്രൂരതക്കിരയായി കൊല്ലപ്പെട്ട ജീതുവി​െൻറ മൃതദേഹം മോനൊടിയിലെ വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ട് ആറോടെയാണ് മോനൊടി പട്ടികജാതി കോളനിയിലെ വീട്ടിലേക്ക് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് എത്തിയത്. വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും മൃതദേഹം കണ്ട് അലമുറയിട്ടു. ജീതുവി​െൻറ മരണം അറിഞ്ഞ് രാവിലെ മുതല്‍ നൂറുകണക്കിനാളുകള്‍ മോനൊടിയിലെ വീട്ടില്‍ എത്തിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, അംഗങ്ങളായ സി.ജി. സിനി, ജയന്തി സുരേന്ദ്രന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍, വൈസ് പ്രസിഡൻറ് ബീന നന്ദകുമാർ, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ആര്‍. ഔസേഫ്, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.സി. ഉമേഷ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറിമാരായ ഉമ്മുക്കുല്‍സു അസീസ്, റെന്നി വര്‍ഗീസ്, മനുഷ്യാകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറി ജോയ് കൈതാരത്ത്, കെ.പി.എം.എസ് സംസ്ഥാന ജോ. സെക്രട്ടറി പി.കെ. സുബ്രന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. രാത്രി ഏഴോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. 2012ലാണ് ജീതുവിനെ ചെങ്ങാലൂരിലെ പയ്യപ്പിള്ളി വീട്ടില്‍ ബിരാജിന് വിവാഹം ചെയ്തുകൊടുത്തത്. ഇവര്‍ക്ക് കുട്ടികളില്ല. കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ജീതു ഭര്‍ത്താവിനെ പിരിഞ്ഞ് മോനൊടിയിലെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയാണ് ഭര്‍ത്താവ് ജീതുവിനെ കൊലപ്പെടുത്തിയത്. കുടുംബശ്രീ സംഘത്തില്‍ വായ്പാതുക തിരിച്ചടക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ജീതു പിതാവ് ജനാര്‍ദനനോടൊപ്പം ഓട്ടോറിക്ഷയില്‍ ചെങ്ങാലൂരിലേക്ക് പോയത്. ജീതു വന്നതറിഞ്ഞ് സഞ്ചിയില്‍ പെട്രോളുമായെത്തിയ ഭര്‍ത്താവ് ബിരാജ് റോഡില്‍ വെച്ചാണ് ജീതുവി​െൻറ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. അതേസമയം, സംഭവം രാഷ്ട്രീയാരോപണമായും ഉയർന്നിട്ടുണ്ട്. പ്രതിക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. പെൺകുട്ടിയെ വിളിച്ച് വരുത്തിയ കുടുംബശ്രീയുടെ ചുമതലക്കാരും ഇക്കാര്യത്തിൽ കുറ്റക്കാരാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.