കൂടൽമാണിക്യം ഉത്സവം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തി​െൻറ താന്ത്രികചടങ്ങുകളില്‍ പ്രധാനപ്പെട്ട ശ്രീഭൂതബലിയുടെ മാതൃക്കല്‍ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്. മറ്റ് ക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലിക്ക് ഭക്തജനങ്ങളെ തൊഴാന്‍ അനുവദിക്കാറില്ല. എന്നാല്‍ ഇവിടെ ബലി തൊഴുന്നത് പരമപുണ്യമാണെന്നാണ് സങ്കല്‍പം. രാവിലെ ശീവേലിക്കും വൈകീട്ട് വിളക്ക് എഴുന്നള്ളിപ്പിനുമായി ഭഗവാ​െൻറ തിടമ്പ് പുറത്തേക്കെഴുന്നള്ളിക്കുമ്പോഴാണ് മാതൃക്കല്‍ ബലി ദര്‍ശനം നടക്കുക. ദേവന്‍ ആദ്യമായി ശ്രീകോവിലില്‍നിന്ന് പുറത്തിറങ്ങുന്ന കൊടിപ്പുറത്ത് വിളക്കിനാണ് ആദ്യ മാതൃക്കല്‍ ബലി. തുടര്‍ന്നുള്ള എട്ടുദിവസവും രാവിലെ 7.45നും, രാത്രി 8.15നും, പള്ളിവേട്ടക്കും ആറാട്ട് ദിവസവും രാവിലേയും മാതൃക്കല്‍ ബലി ഉണ്ട്. മാതൃക്കല്‍ ദര്‍ശനത്തിന് മുന്നോടിയായി ദേവാംശത്തെ തിടമ്പിലേക്ക് ആവാഹിച്ച് ശ്രീഭൂതബലി നടത്തും. ആദ്യപ്രദക്ഷിണംകൊണ്ട് അഷ്ടദിക് പാലകരെ പൂജിച്ച് ബലി തൂകുന്നു. തുടര്‍ന്നാണ് മാതൃക്കല്‍ ബലി നടത്തുക. ദേവ‍​െൻറയും എല്ലാ മാതൃക്കളുടേയും സംഗമസമയമാകയാല്‍ ബലി സന്ദര്‍ഭത്തിലെ ദര്‍ശനം പാപഹരം മാത്രമല്ല പുണ്യഹരം കൂടിയാണെന്നാണ് വിശ്വാസം. തുടര്‍ന്ന് വാതില്‍മാടത്തില്‍ ദേവി സങ്കല്‍പത്തില്‍ ബലിതൂകി പുറത്തേക്കെഴുന്നള്ളിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും നിത്യശീവേലിക്ക് തിടമ്പ് പുറത്തേക്കെഴുന്നള്ളിക്കുമെങ്കിലും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മാത്രമേ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളൂ. ദേവചൈതന്യം പൂർണമായും തിടമ്പിലേക്ക് ആവാഹിക്കുന്നതിനാലാണ് മാതൃക്കല്‍ ദര്‍ശനത്തിന് ഇത്രയും പ്രാധാന്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.