ബസുകളിൽ സ്ത്രീകളെ തൊട്ടാല്‍ ഇനി വിവരം അറിയും

തൃശൂര്‍: ശക്തൻ ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടത്തിനിടയിൽ ചാലക്കുടി മഹാത്മ കളരി സംഘം വിദ്യാർഥികളായ എ.എം. മീനാക്ഷിയും ടി.അമൃതയും േചർന്ന് പെൺകുട്ടികൾക്ക് കെട്ടുതാരി പയറ്റ് അഭ്യസിപ്പിക്കുന്നു. അമൽ വിനോഷും ദിയ വിനോഷും ചേർന്ന് മുച്ചാൻപയറ്റും. റിട്ട. എസ്.െഎ എ.ഐ. മുരുകൻ ഗുരുക്കളുടെ നേതൃത്വത്തിലാണ് പെൺകുട്ടികൾ കളരിയഭ്യസിച്ചത്. രക്ഷക്ക് പൊലീസ് ഒപ്പമുണ്ടെന്ന് യാത്രികർക്ക് ഉറപ്പ് നൽകുന്ന 'സ്ത്രീകളെ തൊട്ടാല്‍ അറിയണം പെണ്‍കരുത്ത് -2018' പദ്ധതിയിലാണ് പരിപാടി അരങ്ങേറിയത്. ജില്ല റൂറൽ പൊലീസാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം കുന്നംകുളം, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണ് സന്ദേശം നല്‍കിയത്. ബസുകളില്‍ സ്ത്രീസുരക്ഷ ബോധവത്കരണ നോട്ടീസും ഹൈല്‍പ് ലൈന്‍ നമ്പറുകള്‍ അടങ്ങുന്ന സ്റ്റിക്കറുകളും പതിച്ചു. പദ്ധതിയുടെ ഭാഗമായി ഡോണ എന്ന ഡമ്മി സുന്ദരിയുമൊത്താണ് പൊലീസ് ശക്തനിൽ എത്തിയത്. ജില്ലയിലെമ്പാടും ബസുകളിൽ ഡോണയുമായി കയറിയിറങ്ങും. 100, 1090 നമ്പറുകളില്‍ വിളിച്ചാല്‍ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനുകളില്‍നിന്ന് ഉടൻ സഹായം ലഭ്യമാകും. തൊട്ടുരുമ്മല്‍, തോണ്ടല്‍, ശല്യം ചെയ്യല്‍, ഉപദ്രവം, പിന്തുടരല്‍, പൂവാലശല്യം എന്നിവയെല്ലാം ഉടൻ ചികിത്സിക്കേണ്ട സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങളാണ്. പ്രാഥമിക ചികിത്സയായി 'നോ' പറയുക, രൂക്ഷമായി നോക്കുക, തൊട്ടു പോകരുത് എന്ന് പറയുക എന്നിവയെല്ലാം പരീക്ഷിക്കാം. എന്നിട്ടും ' അസുഖം' തുടരുകയാണെങ്കില്‍ പൊലീസി​െൻറ ഇടപടൽ വേണമെന്നാണ് പെണ്‍കരുത്ത് -2018 നിര്‍ദ്ദേശിക്കുന്നത്. ജില്ല റൂറൽപൊലീസ് മേധാവി ജി.എച്ച്. യതീഷ്ചന്ദ്ര ഉദ്ഘാടനം ചെയ്തു. ധരിക്കുന്ന വസ്ത്രം നോക്കി പുരുഷന്‍മാര്‍ സ്ത്രീകളെ വിലയിരുത്തരുത്. പ്രതികരിക്കാത്ത സ്ത്രീ പാവയ്ക്ക് തുല്യമാണെന്നും അഭിമാനം സംരക്ഷിക്കാനായി സ്ത്രീകള്‍ അപമാനം സഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അസി. കമീഷണര്‍ വി.കെ. രാജു, സി.ഐ കെ.സി. സേതു, എസ്.ഐ പ്രസന്ന അമ്പൂരത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.