കൊടകര: വേനല്‍മഴയില്‍ കശുമാവ് കര്‍ഷകരുടെ പ്രതീക്ഷകള്‍ കൊഴിഞ്ഞുവീഴുന്നു. സീസണ്‍ തുടക്കത്തില്‍ മികച്ച വില കിട്ടിയിരുന്ന കശുവണ്ടിക്ക് മഴ തുടങ്ങിയതോടെ വില കുത്തനെ ഇടിഞ്ഞതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ജനുവരി അവസാനത്തോടെയാണ് കശുവണ്ടി വിളവെടുപ്പ് തുടങ്ങിയത്. സീസണ്‍ ആരംഭിച്ചപ്പോള്‍ കിലോഗ്രാമിന് 155 രൂപയായിരുന്നു. ആദ്യ വേനല്‍മഴക്ക് തന്നെ വില അഞ്ചുരൂപയോളം കുറഞ്ഞു. മഴ പെയ്തതോടെ കശുവണ്ടി വില പിന്നേയും കുറഞ്ഞു. ഇപ്പോള്‍ കിലോക്ക് 120 രൂപ നിരക്കിലാണ് കച്ചവടക്കാര്‍ കശുവണ്ടി സംഭരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന. മഴപെയ്താല്‍ കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നതിലാണ് വില കുറയുന്നതെന്നാണ് വിശദീകരണം. മഴക്കാറ് നിറഞ്ഞ അന്തരീക്ഷം പൂങ്കുലകള്‍ കരിഞ്ഞുണങ്ങാനും കീടശല്യം വര്‍ധിക്കാനും കാരണമാകുന്നുണ്ട്. തേയിലക്കൊതുകുകളുടെ ശല്യമാണ് പ്രധാനമായും ബാധിക്കുന്നത്. കീടബാധമൂലം ചില പ്രദേശങ്ങളില്‍ കശുമാവുകള്‍ ഉണങ്ങിനശിക്കുന്നുമുണ്ട്്. മാവുകളിലെ കീടബാധ കശുവണ്ടി ഉല്‍പ്പാദനം ഗണ്യമായി കുറയാന്‍ കാരണമാണ്. ഒരു കാലത്ത് ടണ്‍ കണക്കിന് കശുവണ്ടിയാണ് മലയോരത്ത് നിന്ന് സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളിലേക്ക് പോയിരുന്നത്. കുന്നിന്‍പ്രദേശങ്ങളിലുണ്ടായിരുന്ന വിസ്തൃതമായ കശുമാവുതോട്ടങ്ങള്‍ റബര്‍കൃഷിക്കായി വെട്ടിമാറ്റപ്പെട്ടതോടെ മേഖലയില്‍ കശുമാവുകര്‍ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ആറേശ്വരം, ചുങ്കാല്‍ എന്നിവിടങ്ങളില്‍ വനംവകുപ്പിനു കീഴിലുണ്ടായിരുന്ന കശുമാവ് തോട്ടങ്ങളും വെട്ടിനീക്കപ്പെട്ടു. കോടശേരി പഞ്ചായത്തിലെ മാരാങ്കോട് പ്രദേശത്ത് മാത്രമാണ് ഇപ്പോള്‍ വനംവകുപ്പിെൻറ കശുമാവുതോട്ടമുള്ളത്. തോട്ടങ്ങളായുള്ള കശുമാവുകൃഷി കുറഞ്ഞെങ്കിലും മുരിയാട്, പറപ്പൂക്കര, കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ വീട്ടുപറമ്പുകളിലായി ആയിരക്കണക്കിന് കശുമാവുകള്‍ ഇപ്പോഴുമുണ്ട്. ഇവയില്‍ നിന്നുള്ള ടണ്‍കണക്കിന് കശുവണ്ടി ഇപ്പോഴും വിപണിയിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.