അധ്വാനത്തി​െൻറ അന്തസുയർത്തി അബ്​ദുക്കാക്ക് നൂറ്

കയ്പമംഗലം: അധ്വാനം വാക്കിലൊതുങ്ങുന്ന കാലത്ത് അതി​െൻറ പര്യായമാവുകയാണ് ഒരു വയോധികൻ. എടമുട്ടം പുളിഞ്ചോട് നിവാസികൾ കണികണ്ടുണരുന്ന ഈ സൗമ്യ മുഖത്തിനുടമ പുതിയവീട്ടിൽ അബ്ദുവാണ്. നാട്ടുകാർ സ്നേഹത്തോടെ അബ്ദുക്ക എന്ന് വിളിക്കുന്ന അബ്ദു ഒമ്പതാം വയസ്സിൽ ആരംഭിച്ച മീൻ കച്ചവടം ഇപ്പോഴും തുടരുന്നു. ഒമ്പത് പതിറ്റാണ്ട് മുമ്പത്തെ പട്ടിണിക്കാലത്ത് പഠിത്തം നിർത്തി പണിക്കിറങ്ങിയതാണ്. ആദ്യമാദ്യം വിൽപനക്കാരുടെ സഹായിയായിരുന്നു. കൗമാരം കടന്നപ്പോൾ സ്വയം കച്ചവടക്കാരനായി. അന്ന് ചേറ്റുവ മുതൽ അഴീക്കോട് വരെയുള്ള കടപ്പുറങ്ങളിൽ നിന്നെടുത്ത മീൻ ഇരിങ്ങാലക്കുട, ചാലക്കുടി വരെ കുട്ടയിൽ ചുമന്നായിരുന്നു വിൽപന. ഈ നൂറിലും പുലർച്ചെ മൂന്നിന് അബ്ദുക്കയുടെ ദിനചര്യ ആരംഭിക്കും. പ്രാഥമിക കാര്യങ്ങൾ കഴിഞ്ഞാൽ സന്തത സഹചാരിയായ മൂന്ന് കട്ടയുടെ ടോർച്ചും മിന്നിച്ച് തലയിലൊരു കെട്ടുംകെട്ടി എടമുട്ടം സ​െൻററിലേക്ക്. അര കിലോമീറ്റർ കാൽനടയാത്രയിൽ കാലൻകുടയും മീൻ വട്ടകയും കൂടെയുണ്ടാകും. സ​െൻററിലെ ചായക്കടയിൽനിന്ന് ചൂട് ചായ കുടിച്ച് നേരെ കയ്പമംഗലം കമ്പനി കടവിലേക്ക്. കൂട്ടിന് ഓട്ടോക്കാരൻ ബെന്നി തട്ടിൽ. ആൺകുട്ടികളില്ലാത്ത അബ്ദുക്കാക്ക് സുഹൃത്തി​െൻറ മകനായ ബെന്നി സ്വന്തം മകനെപ്പോലെയാണ്. 17 വർഷമായി അബ്ദുക്കാടെ കൂടെ സ്ഥിരമായി മീൻ എടുക്കാൻ പോകുന്നത് ബെന്നിയാണ്. കമ്പനി കടവിൽ പുലർച്ച ആദ്യമെത്തുന്ന വള്ളത്തിലെ മീൻ അബ്ദുക്കാക്ക് ഉള്ളതാണ്. പതിറ്റാണ്ടുകളായി അതൊരു കീഴ്വഴക്കമാണ്. വില ഇത്തിരി കൂടിയാലും ആ മീൻ ആർക്കും വിട്ടുകൊടുക്കാൻ അബ്ദുക്ക തയ്യാറല്ല. 2000 രൂപ മുതൽ 5000 രൂപ വരെക്കുള്ള മീൻ പ്രതിദിനം വാങ്ങും. ഏഴരയോടെ മീനുമായി പുളിഞ്ചോടിൽ എത്തും. അവിടെ സ്ഥിരം ആവശ്യക്കാർ കാത്ത് നിൽപ്പുണ്ടാവും. പിന്നെ പൊടിപാറിയ കച്ചവടമാണ്. അബ്ദുക്ക മീനെടുക്കാത്ത ദിവസം മീൻ വാങ്ങാത്തവർ പോലുമുണ്ട്. ഐസ് ഇടാത്ത മീനായതുകൊണ്ട് ആവശ്യക്കാർ ഏറും. സാധാരണ നിലയിൽ 12 മണിയോടെ കച്ചവടം തീരും. പിന്നെ വീട്ടിലേക്ക്. എട്ട് സ​െൻറ് സ്ഥലത്ത് അരനൂറ്റാണ്ട് പഴക്കമുള്ള ഓടിട്ട വീടാണ് ഏക സമ്പാദ്യം. രണ്ടടി വീതിയുള്ള വഴിയിലൂടെ വേണം ഇവിടേക്ക് പ്രവേശിക്കാൻ. 20 വർഷം മുമ്പ് ഭാര്യ മരിച്ചു. നാല് പെൺകുട്ടികളിൽ മൂന്ന് പേരെ വിവാഹം ചെയ്തയച്ചു. ഇളയ പെൺകുട്ടിയാണ് കൂട്ടിനുള്ളത്. ആവതുള്ള കാലത്തോളം അധ്വാനിച്ചു കഴിയണം എന്നാണ് അബ്ദുക്കയുടെ ആഗ്രഹം. മേയ്ദിനത്തോടനുബന്ധിച്ച്, 100 വയസ്സ് പിന്നിട്ട അബ്ദുക്കയെ കമ്പനിക്കടവ് കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ പൊന്നാടയണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.