ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന സി.എം.പി കാണാമറയത്തേക്ക്​

തൃശൂർ: 1986ൽ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെ തുടർന്ന് സി.പി.എമ്മിൽനിന്ന് പുറത്താക്കിയ ശേഷം തൃശൂരിൽ പിറവിയെടുത്ത സി.എം.പിയുടെ അവസാനം തൃശൂരിൽ തന്നെയായേക്കും. ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന എം.കെ. കണ്ണൻ വിഭാഗത്തി​െൻറ ഒമ്പതാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടന രാഷ്ട്രീയ ചർച്ച സി.പി.എമ്മിൽ ലയിക്കുന്നത് സംബന്ധിച്ചാണ്. ആറ് മുതൽ എട്ട് വരെ തൃശൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും. പാർട്ടി സ്ഥാപകനേതാവ് എം.വി. രാഘവൻ രോഗബാധയാൽ അവശനായതിനെത്തുടർന്ന് പാർട്ടി സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുന്നതിനെത്തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസത്തിലാണ് 2014 ജനുവരിയിൽ കെ.ആർ. അരവിന്ദാക്ഷ​െൻറയും സി.പി. ജോണി​െൻറയും നേതൃത്വത്തിൽ രണ്ടു കക്ഷികളായത്. അന്ന് പാർട്ടിയിൽ നിന്ന് എതിർ ചേരിക്കാരെ പുറത്താക്കിയതും ഓഫിസുകൾ പിടിച്ചെടുത്തതും വിവാദമായിരുന്നു. കെ.ആർ. അരവിന്ദാക്ഷ​െൻറ നേതൃത്വത്തിലുള്ള വിഭാഗം ഇടതു മുന്നണിയിലും സി.പി. ജോണി​െൻറ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫിലും നിന്നു. 2011 നിയമസഭ തെരഞ്ഞെടുപ്പിൽ സി.എം.പി.യുടെ മൂന്ന് സ്ഥാനാർഥികളും പരാജയപ്പെട്ടത് യു.ഡി.എഫ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. യു.ഡി.എഫ് വിടുന്നുവെന്ന ചർച്ച സജീവമായി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയോടൊപ്പം സഹകരിച്ച് തുടങ്ങിയ വിഭാഗത്തെ മുന്നണിയിലെടുക്കാത്തതിൽ നേതാക്കൾക്ക് മുറുമുറുപ്പുണ്ട്. അരവിന്ദാക്ഷ​െൻറ മരണ ശേഷം എം.കെ. കണ്ണനാണ് ജനറൽ സെക്രട്ടറി. ഒരു വർഷമായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ഇടതുമുന്നണിയിൽ േചരുന്നതും സി.പി.എമ്മിൽ ലയിക്കുന്നതും സംബന്ധിച്ച ചർച്ചകളിലായിരുന്നു. ഭൂരിപക്ഷാഭിപ്രായം സി.പി.എമ്മിൽ ലയിക്കാനാണെന്ന് നേതാക്കൾ പറയുന്നു. ഇതനുസരിച്ചാണ് പാർട്ടി കോൺഗ്രസിൽ സംഘടന രാഷ്ട്രീയ റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തിയതത്രെ. ലയനത്തിന് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയാൽ സി.എം.പിയുടെ മൂന്ന് പതിറ്റാണ്ട് വളർന്ന ഒരിതൾ തൃശൂരിൽ തന്നെ അവസാനിക്കും. ഇത് സംബന്ധിച്ച് അണികൾക്കിടയിൽ അമർഷമുണ്ടെന്ന് നേതാക്കൾതന്നെ സമ്മതിക്കുന്നുണ്ട്. മുന്നണിയിൽ ഉൾപ്പെടുത്തി അർഹമായ പരിഗണന നേടിയെടുക്കുകയാണ് വേണ്ടതെന്നാണ് ഇവർ വാദിക്കുന്നത്. ഇക്കാര്യവും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും. ആറിന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ഏഴിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടി കോൺഗ്രസി​െൻറ ഭാഗമായുള്ള സെമിനാറിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജനതാദൾ യുനൈറ്റഡ് പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാറും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.