മാള: പടിഞ്ഞാറൻ മുറി പാടശേഖരങ്ങളിലേക്കുള്ള ജലസേചനം നിലച്ചു. ഇതോടെ മേഖലയിൽ നെൽകൃഷി ഗണ്യമായി കുറഞ്ഞു. ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലാണ് മതിയായ ജലസേചനമില്ലാതായത്. നെൽകൃഷി വ്യാപകമായി നടക്കുന്ന മേഖലയിലാണിത്. ജലം കെട്ടി നിർത്താനും അവശ്യമനുസരിച്ച് തുറന്ന് വിടാനും മതിയായ സൗകര്യങ്ങൾ മേഖലയിലുണ്ട്. ഇവ സംരക്ഷിച്ച് ഉപയോഗപ്പെടുത്താൻ അധികൃതർ തയാറാകാത്തതാണ് കൃഷി നശിക്കാൻ കാരണം. പൊയ്യ പഞ്ചായത്ത് ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിലായാണ് വിശാലമായ പടിഞ്ഞാറൻമുറി പാടശേഖരം. ചെന്തുരുത്തിയിൽ ഉപ്പുവെള്ളം തടയാൻ ശാസ്ത്രീയ സംവിധാനമില്ലാത്തതും കൃഷിക്ക് തിരിച്ചടിയായി. തോടുകൾ നിലവിലുണ്ടെങ്കിലും ഇത് തകർച്ചയിലാണ്. തോട് കോൺക്രീറ്റിടുകയും ചാലിൽ നിന്നുള്ള തോടിന് ആഴം കൂട്ടുകയും വേണം. ഉപ്പ് കയറാതെ ബണ്ട് പുനർനിർമിക്കണം. രണ്ട് കിലോമീറ്ററുള്ള തോട് ശോച്യാവസ്ഥയിലാണ്. പലയിടത്തും തോട് കൈയേറിയതായി ആരോപണമുണ്ട്. മതിയായ രീതിയിൽ അളന്ന് കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. വെള്ളം ലഭ്യമാക്കിയാൽ ജയയും സുരേഖയുമൊക്കെ ഇവിടെ കൃഷി ചെയ്യാൻ പാടശേഖര സമിതികൾ മുന്നോട്ടുവരുന്നുണ്ട്. മഴക്കാലത്ത് താണി കാട് പാങ്കുളം, മദ്റസാ റോഡ് കുളം എന്നിവയിൽനിന്ന് വെള്ളം ഒഴുക്കി മുന്നൂറ് മീറ്റർ ദൂരെയുള്ള കല്ലൻ കുളത്തിലേക്കെത്തിക്കാനാവും. ഇവിടെനിന്ന് നിലവിലെ തോടുവഴി പാടശേഖരങ്ങളിൽ വെള്ളം എത്തും. തോട് ചേരുന്നത് ചെന്തുരുത്തി ചാലിലാണ്. ഇവിടെ തോട് സംരക്ഷണഭിത്തി നിർമിക്കണം. വെള്ളമില്ലാതായതോടെ പാടശേഖരങ്ങൾ തരിശിടുന്നവരുമുണ്ട്. ഇവ പിന്നീട് നികത്തി മറിച്ചു വിൽക്കുകയാണ് പലരും. 'കൃഷി നശിച്ചവർക്ക് നഷ്്ടപരിഹാരം നൽകണം' മാള: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിലും കാറ്റിലും കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിന് നിവേദനം നൽകി. പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിട്ടില്ല. റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി സന്ദർശിച്ച് നാശനഷ്ടത്തിെൻറ കണക്കെടുക്കണം. വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പുത്തൻചിറ, കുഴൂർ, അന്നമനട പഞ്ചായത്തുകളിലും വെണ്ണൂർ പ്രദേശങ്ങളിലും കൃഷിക്കും വീടുകൾക്കും നഷ്ടം ഉണ്ടായതായി ജില്ല പ്രസിഡൻറ് കെ.വി. വസന്ത് കുമാർ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.