പൊലീസ് സ്​റ്റേഷനുകളിൽ കംപ്ലയ്​ൻറ് അതോറിറ്റിയുടെ ബോർഡില്ല; സ്ഥാപിക്കാൻ വീണ്ടും നിർദേശം

തൃശൂർ: പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് പീഡനം ഏൽക്കേണ്ടി വരുന്നവർക്ക് പരാതി നൽകാനുള്ള പൊലീസ് കംപ്ലയ്ൻറ് അതോറിറ്റിയുടെ വിശദാംശം മിക്ക സ്റ്റേഷനുകളിലുമില്ല. പൊതുജനങ്ങൾക്കെതിരെ പീഡനങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തൃശൂരിലെ മനുഷ്യാവകാശ കൂട്ടായ്മയായ 'നേർക്കാഴ്ച' നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എല്ലാ സ്റ്റേഷനുകളിലും ബോർഡ് സ്ഥാപിക്കണമെന്ന് കംപ്ലയ്ൻറ് അതോറിറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. പൊലീസ് കംപ്ലയ്ൻറ് അതോറിറ്റിയുടെ വിലാസവും വിശദാംശവും മലയാളത്തിൽ പൊതുജനങ്ങൾ കാൺകെ പ്രദർശിപ്പിക്കണമെന്ന നിയമപരമായ കർത്തവ്യമാണ് മിക്ക സ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ അട്ടിമറിച്ചത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് പീഡനം ഏൽക്കേണ്ടി വരുന്ന പൊതുജനത്തിന് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകേണ്ടത് കലക്ടറേറ്റിലെ പൊലീസ് കംപ്ലയ്ൻറ് അതോറിറ്റി ഓഫിസിലാണ്. ജില്ല പൊലീസ് മേധാവി മുതൽ മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയുള്ള ഗുരുതര സ്വഭാവമുള്ള പരാതി നൽകേണ്ടത് സംസ്ഥാന പൊലീസ് കംപ്ലയ്ൻറ് അതോറിറ്റി ചെയർമാനാണ്. ഇത് സംബന്ധിച്ച വിലാസവും വിശദാംശങ്ങളും എല്ലാ സ്റ്റേഷനിലും പ്രദർശിപ്പിക്കണമെന്നാണ് വ്യവസ്ഥ. ബോർഡ് സ്ഥാപിക്കുന്നില്ലെന്നു കാട്ടി പരാതി ലഭിച്ചതിനെ തുടർന്ന് 2012ൽ ചെയർമാനായിരുന്ന ജസ്റ്റിസ് കെ.പി. ബാലചന്ദ്രനും 2014ൽ ജസ്റ്റിസ് നാരായണക്കുറുപ്പും സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. തുടർന്ന് എല്ലാ ജില്ല പൊലീസ് മേധാവികൾക്കും ബോർഡ് സ്ഥാപിക്കാൻ ഡി.ജി.പി കർശന നിർദേശം നൽകിയിരുന്നു. ബോർഡ് സ്ഥാപിച്ച ഭൂരിപക്ഷം സ്റ്റേഷനുകളിൽ നിന്നും ദിവസങ്ങൾക്കകം അപ്രത്യക്ഷമായി. പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞാൽ താൽക്കാലികമായി ബോർഡ് സ്ഥാപിക്കലും പതിവായി. വിഷയം പരാതിയായി ഉന്നയിച്ചെങ്കിലും ബോർഡ് സ്ഥാപിക്കാത്ത വിഷയം ശ്രദ്ധയിൽപെട്ടിട്ടില്ല എന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് അറിയിച്ചത്. തൃശൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസ്, ഐ.ജി ഓഫിസ് എന്നിവിടങ്ങളിൽ ബോർഡ് സ്ഥാപിക്കാത്തത് ശ്രദ്ധയിൽപെട്ട 'നേർക്കാഴ്ച' പ്രവർത്തകർ പൊലീസ് കംപ്ലയ്ൻറ് അതോറിറ്റിക്ക് പരാതി നൽകി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ഐ മുതൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫിസിലും കംപ്ലയ്ൻറ് അതോറിറ്റിയുടെ ഫോൺ നമ്പറും വിലാസവും ഉൾെപ്പടെ പ്രദർശിപ്പിക്കാത്തത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്നും കാട്ടിയാണ് അതോറിറ്റി സെക്രട്ടറി ഡി.ജി.പിക്ക് കത്ത് നൽകിയത്. ബോർഡ് സ്ഥാപിക്കാൻ കർശന നിർദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.