ചാലക്കുടി: ആളൂര്‍ പഞ്ചായത്തിലെ പൊരുന്നക്കുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പിങ് എട്ടു ദിവസമായി മുടങ്ങിയതോടെ പ്രദേശവാസികള്‍ ദുരിതത്തിൽ. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഉച്ചതിരിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് ഇവിടെ പമ്പിങ് നടന്നിരുന്നത്. പദ്ധതി പ്രവര്‍ത്തിക്കുന്ന പൊരുന്നച്ചിറയില്‍ പുതുതായി നിർമിക്കുന്ന ഫില്ട്ടറേഷെൻറ പണികള്‍ നടക്കുകയാണ്. പമ്പ് ഹൗസിന് തൊട്ടുതാഴെയുള്ള പഴയ ഫില്‍ട്ടറിങ് കിണറില്‍നിന്നാണ് പമ്പിങ് നടത്തിയിരുന്നത്. പുതിയ ഫില്‍ട്ടറിങ്ങിനായി പഴയതിന് സമീപം ആഴത്തില്‍ കുഴിയെടുത്തതോടെ വെള്ളം വാര്‍ന്നുപോയതാണ് പമ്പിങ് നിലക്കാൻ കാരണം. പണികള്‍ നടക്കുമ്പോള്‍ പമ്പിങ് നടത്താന്‍ ബദല്‍ പൈപ്പ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ഇതിനിടയില്‍ മണ്ണുമാന്തി കേടായതോടെ പുതിയ ഫില്‍ട്ടറിങ് കിണര്‍ താഴ്ത്തുന്ന പണികളും നിലച്ചു. പമ്പിങ് മുടങ്ങിയതോടെ പഞ്ചായത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്. ഇതില്‍ പ്രതിഷേധിച്ച് പൊരുന്നച്ചിറയുടെ നവീകരണവുമായി ബന്ധപ്പെട്ട് മൂന്ന് ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. പൊരുന്നച്ചിറയില്‍ വാട്ടര്‍ അതോറിറ്റിക്കാരുടെ ഫില്‍ട്ടറിങ് തട്ടിപ്പ് അവസാനിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ആളൂര്‍ പഞ്ചായത്ത് പാസാക്കിയ പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പഞ്ചായത്തിന് ഇതിനാവശ്യമായ ഫണ്ടുകള്‍ ഇല്ലാത്തതിനാല്‍ എം.എല്‍.എയും എം.പിയും ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ആളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ 20, 21 വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കാൻ ആസൂത്രണം ചെയ്തതാണ് പൊരുന്നച്ചിറ കുടിവെള്ള പദ്ധതി. എന്നാല്‍, പദ്ധതിക്കായി വെള്ളം പമ്പുചെയ്യുന്ന പൊരുന്നച്ചിറ ചേറ് നിറഞ്ഞ് നാശത്തിെൻറ വക്കിലാവുകയും ഫില്‍ട്ടറിങ് കിണര്‍ വേണ്ടത്ര കാര്യക്ഷമതയില്ലാത്തതാവുകയും ചെയ്തതോടെയാണ് ഇവിടെ നിർമാണജോലികള്‍ ആരംഭിച്ചത്. പുതിയ ഫില്‍ട്ടറേഷന്‍ കിണര്‍ നിർമിച്ചതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുതുതായി നിർമിക്കുന്ന ഫില്‍ട്ടറേഷൻ കിണറിനും ആഴം കൂട്ടണം. അതുപോലെ ചേറ് നിറഞ്ഞ പൊരുന്നച്ചിറ ആറ് മീറ്ററെങ്കിലും ആഴം കൂട്ടണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ ഷോലയാര്‍ എസ്.എന്‍.ഡി.പിയുടെ സമീപത്തെ കുഴല്‍ക്കിണറില്‍നിന്നോ പൊരുന്നച്ചിറ കമ്യൂണിറ്റി ഹാളിന് സമീപത്തെ കുഴല്‍ക്കിണറില്‍നിന്നോ വാട്ടര്‍ ടാങ്കിലേക്ക് വെള്ളം നിറച്ച് താല്‍ക്കാലികമായി ജലവിതരണം പുനഃസ്ഥാപിക്കണമെന്നും ജനകീയ സമിതികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.