ആമ്പല്ലൂര്‍: പ്ലസ്ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിലും അഞ്ഞൂറോളം സ്‌കൂളുകള്‍ അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കിയതിലും പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ പുതുക്കാട് ക്യാമ്പ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു മുന്‍ ജില്ല സെക്രട്ടറി സജീര്‍ ബാബു, ജില്ല പ്രസിഡൻറ് മിഥുന്‍ മോഹന്‍, സെക്രട്ടറി പ്രിന്‍സ് ഫ്രാന്‍സിസ്, യദു അന്തിക്കാട്, വിഷ്ണു ചന്ദ്രന്‍, അരുണ്‍ മോഹന്‍, സി. ശിൽപ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ കോഒാപറേറ്റിവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തലയോട്ടിക്ക് പൊട്ടല്‍ കണ്ടെത്തിയതിനെ തുടർന്ന് സജീര്‍ ബാബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് സെൻററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ഓഫിസിന് സമീപം പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നടുറോഡില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ പെട്ടെന്ന് ദേശീയപാത ഉപരോധിച്ചതോടെയാണ് പൊലീസ് ലാത്തിവീശിയത്. ദേശീയപാതയുടെ ഒരു ഭാഗം ഉപരോധിക്കുന്നതിനിടെ ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദിെൻറ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കൈക്കും, തലക്കും പരിക്കേറ്റ പ്രവര്‍ത്തകരെ പൊലീസ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 40 കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.