ബി.ഡി.​ജെ.എസ് വിളിച്ച യോഗം മാറ്റി​െവച്ചു

തൃശൂർ: എൻ.ഡി.എ സംസ്ഥാന ഘടകത്തിലെ ബി.ജെ.പി ഒഴികെയുള്ള ഘടക കക്ഷികളെ പങ്കെടുപ്പിച്ച് ബി.ഡി.ജെ.എസ് വെള്ളിയാഴ്ച എറണാകുളത്ത് ചേരാനിരുന്ന യോഗം മാറ്റിവെച്ചു. ഘടക കക്ഷികളുടെ നിസ്സഹകരണമാണ് കാരണം. യോഗത്തിൽ പങ്കെടുക്കരുതെന്ന് അമിത്ഷാ നിർദേശിച്ചതായി പി.സി. തോമസ് മുഖേന ഘടക കക്ഷികളെ ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ബി.ഡി.ജെ.എസി​െൻറ നീക്കം പൊളിഞ്ഞതെന്ന് അറിയുന്നു. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി അടുപ്പം പുലർത്തുന്ന ജെ.എസ്.എസ് നേതാവ് രാജൻ ബാബുവും ജെ.ആർ.എസ് നേതാവ് സി.കെ. ജാനുവും യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് ബി.ഡി.ജെ.എസ് നേതാക്കളെ അറിയിച്ചു. ദേശീയ തലത്തിൽ എൻ.ഡി.എ ഘടക കക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ സംസ്ഥാന ഘടകം ബി.ജെ.പി യില്ലാതെ യോഗം ചേരുന്നത് ശരിയല്ലെന്ന് ബി.ഡി.ജെ.എസ് നേതാക്കളെ അറിയിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളക്ക് വേണ്ടി രംഗത്തിറങ്ങാൻ ലോക് ജനശക്തി പാർട്ടി പ്രവർത്തകരോട് സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം ബി.ഡി.ജെ.എസ്സുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കണമെന്ന് ഘടക കക്ഷി നേതാക്കൾ ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് കേന്ദ്ര നേതൃത്വമാണ് ഇടപെടേണ്ടതെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകത്തി​െൻറ നിലപാട്. മുന്നണി കൺവീനറായ തുഷാർ വെള്ളാപ്പള്ളി ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ചെയർമാനായ കുമ്മനം രാജശേഖരൻ എത്രയും പെെട്ടന്ന് എൻ.ഡി.എ യോഗം വിളിക്കണമെന്നാണ് മറ്റൊരു ഘടക കക്ഷിയായ പി.എസ്.പിയുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.