മോട്ടോർ വാഹന ഇൻസ്പെക്ടർക്കെതിരെ ആരോപണം

തൃശൂർ: ടാക്സിയായി രജിസ്റ്റർ ചെയ്ത കാറിന് നികുതിയിളവ് നൽകി സ്വകാര്യ കാറാക്കി മാറ്റി മോട്ടോർവാഹന വകുപ്പ്. നേരത്തെ തന്നെ ആരോപണ വിധേയനായ തൃശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജു എ. ബക്കറിനെതിരെയാണ് പുതിയ പരാതി ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ചത്. കെ.എല്‍. 08 ബി.സി. ഒന്ന് എന്ന ടാക്സി കാറിന് നോണ്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ നിരക്കിലുള്ള നികുതി ഈടാക്കാതെ സ്വകാര്യകാറാക്കി ക്ലാസ് മാറ്റം നടത്തി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു. ടാക്സി കാര്‍ വാങ്ങിയാല്‍ ആജീവനാന്ത നികുതി (15 വര്‍ഷം) അടയ്ക്കുന്നതിനുപകരം രണ്ടുവര്‍ഷത്തെ നികുതി അടച്ചാല്‍ മതി. വണ്ടി വാങ്ങുമ്പോള്‍ 75,000 രൂപ സബ്സിഡി ലഭിക്കും. ഈ വണ്ടി മഞ്ഞ നമ്പർപ്ലേറ്റ് െവച്ച് ടാക്സിയായി ഓടിക്കണം. ടാക്സി കാര്‍ വാങ്ങിയ ശേഷം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഓടിക്കുന്നത് ശിക്ഷാര്‍ഹമാണ്. ശിക്ഷ ഒഴിവാക്കാന്‍ വണ്ടി സ്വകാര്യവണ്ടിയാക്കാന്‍ കാറുടമ അപേക്ഷ നല്‍കി. ഇതനുസരിച്ച് അടച്ചനികുതി കഴിഞ്ഞ്, 15 വര്‍ഷത്തെ നികുതി അടയ്ക്കണം. ഇത് അടക്കാതെ അഞ്ചുവര്‍ഷത്തെ ടാക്സിയുടെ നിരക്ക്മാത്രം ഈടാക്കി വണ്ടി ക്ലാസ് മാറ്റം വരുത്തി നൽകുകയായിരുന്നു. ഈ ഇനത്തിൽ ഒരു ലക്ഷത്തിലധികം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടായെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. ലൈസന്‍സ് പുതുക്കേണ്ട തീയതികഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ടെസ്റ്റ് നടത്തി വേണം പുതിയ ലൈസന്‍സ് അനുവദിക്കേണ്ടത്. ലൈസന്‍സ് പുതുക്കുമ്പോള്‍ കാഴ്ച പരിശോധന ഉൾപ്പെടെയും നടത്തണം. ഇതൊന്നും നടത്താതെയാണ് ലൈസന്‍സ് നല്‍കിയതെന്നും പറയുന്നു. പരാതി അന്വേഷിക്കുകയാണെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.