ആന പരിപാലന ചട്ടമുണ്ട്; പക്ഷേ, ഉത്സവങ്ങൾക്ക് മാത്രം

തൃശൂർ: നാട്ടാന പരിപാലന ചട്ടമുണ്ടെങ്കിലും അത് പാലിക്കുന്നതും പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതും ഉത്സവങ്ങൾക്ക് മാത്രം. ഉത്സവങ്ങളില്ലാത്ത കാലത്ത് ആനകൾക്ക് ഭക്ഷണം പോയിട്ട്, തുള്ളി വെള്ളം പോലും കിട്ടിയാൽ ആയെന്നതാണ് അവസ്ഥ. ദൈനംദിന പരിപാലനത്തിന് ചട്ടം ബാധകമാണെങ്കിലും നിരീക്ഷിക്കാനും പരിശോധിക്കാനും നടപടിയെടുക്കാനും ആരും എത്താത്തതിനാൽ ആനകൾക്ക് പീഡനകാലമാണ്. ജില്ലയിലെ 48 ആനകൾ ഗുരുതര രോഗാവസ്ഥയിലാണ്. 2003ൽ നിലവില്‍ വന്ന നാട്ടാന പരിപാലന ചട്ടം അനുസരിച്ച് ആനകളെ വനംവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ചട്ടപ്രകാരമാണോ പരിപാലിക്കുന്നതെന്ന് ഫോറസ്റ്റ് റേഞ്ച് ഒാഫിസര്‍മാര്‍ പരിശോധിക്കണം. ഉത്സവങ്ങള്‍ക്ക് മറ്റ് ജില്ലകളില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥ​െൻറയും വെറ്ററിനറി ഡോക്ടറുടെയും അനുമതിപത്രം വേണം. 12 അടിയില്‍ കൂടുതല്‍ നീളമുള്ള ട്രക്കുകള്‍ ഉപയോഗിക്കണം. ആരോഗ്യ, ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം. പകൽ 11 മുതല്‍ മൂന്ന് വരെ എഴുന്നള്ളത്തിനും മറ്റു ജോലിക്കും കൊണ്ടുപോകരുത്. രാത്രിയില്‍ ദീര്‍ഘനേരം തുടര്‍ച്ചയായി ജോലി ചെയ്യിക്കരുത് തുടങ്ങി വ്യവസ്ഥകൾ ഏറെയുണ്ട്. ഇതെല്ലാം പാലിക്കുന്നത് ഉത്സവങ്ങൾക്ക് മാത്രം. മറ്റ് സമയങ്ങളിൽ മതിയായ ഭക്ഷണവും വിശ്രമവും ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറില്ല. ലോറി യാത്രയും തുടർച്ചയായ നിൽപ്പുമാണ് എരണ്ടക്കെട്ട് ഉണ്ടാക്കുന്നതെന്ന് ആന ചികിത്സകർ പറയുന്നു. ഇവക്ക് വേണ്ടത്ര ഭക്ഷണവും അതിനനുസരിച്ച നടത്തവും ലഭിക്കുന്നില്ല. ആനപ്രേമം വാക്കുകളിൽ കാണിച്ച് ആനയെ വരുമാനമാർഗം മാത്രമായി കാണുന്ന നിരവധി ആന ഉടമകളുണ്ട്. വിശ്രമമില്ലാതെയുള്ള എഴുന്നള്ളിപ്പിനുപരിയായ പീഡനമാണ് ഇതെന്നാണ് ആന ചികിത്സകരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം തൃശൂരിൽ ചെരിഞ്ഞ ആനയുടെ വയറ്റിൽ നിന്ന് ഒരു എരണ്ടയാണ് പുറത്തെടുത്തത്. പിന്നെ ദ്രവിച്ച് തുടങ്ങിയ ഇലകളും. മതിയായ പരിചരണം ലഭിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആനയിലാണ് ഇത് കണ്ടെത്തിയത്. 2014ൽ 697 ആനകൾ കേരളത്തിലുണ്ടെന്നായിരുന്നു വനംവകുപ്പി​െൻറ കണക്ക്. നാല് വർഷത്തിനിപ്പുറം ഇത് 416 ആയി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 54 ആനകൾ െചരിഞ്ഞു. എരണ്ടക്കെട്ടും വാതവും അടക്കം വിവിധ അസുഖങ്ങളുമായി 48 ആനകളാണ് ചികിത്സയിലുള്ളത്. എഴുന്നള്ളിപ്പുകളിൽ നാട്ടാനപരിപാലന ചട്ടം കടുകിടെ തെറ്റാതെ പാലിക്കാൻ സംഘാടകരും ഇത് നിരീക്ഷിച്ച് ആനപ്രേമികളും നടക്കുന്നുണ്ടെങ്കിലും ആനകളുടെ ദൈനംദിന പരിപാലനത്തിൽ ചിട്ടയും പരിചരണവും നൽകുന്നില്ല. ഇതിന് ജില്ലതലത്തിൽ നിർജ്ജീവമായി കിടക്കുന്ന നിരീക്ഷണ സമിതികളെ പുനഃസംഘടിപ്പിക്കുകയും കൂടുതൽ ചുമതലകൾ നൽകുകയുമാണ് വേണ്ടതെന്നും ചികിത്സകനും മൃഗസംരക്ഷണ വകുപ്പ് മുൻ ഡയറക്ടറുമായ ഡോ. കെ.എസ്. തിലകൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.