തൃശൂർ: ഭവനനിർമാണത്തിനുള്ള ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് റേഷൻ കാർഡില്ലാത്തതിനാൽ ഒഴിവാക്കിയവരെ വീണ്ടും പരിഗണിക്കും. പ്രത്യേക പരിശോധന നടത്തി റേഷൻകാർഡ് നൽകി പട്ടികയിൽ ഉൾപ്പെടുത്താനാണ് നിർദേശം. അർഹരായ നിരവധി പേരാണ് റേഷൻ കാർഡില്ലെന്ന കാരണത്താൽ ലൈഫ് മിഷനിൽ നിന്ന് പുറത്തായത്. ഇങ്ങനെ പുറത്തായവരെ തദ്ദേശ സ്ഥാപന സമിതിയുടെ ശിപാർശയിൽ കലക്ടറുടെ അനുമതിയോടെ ഗുണഭോക്തൃ പട്ടികയിൽ ചേർക്കും. ലൈഫ് മിഷനിൽ ഇടം നേടിയ ഭൂമിയുള്ള മുഴുവൻ ഭവനരഹിതർക്കും 2018-19ൽ ഭവന നിർമാണ ധനസഹായം ലഭിക്കും. വീട് നിർമിക്കാനുള്ള അംഗീകൃത ഏജന്‍സിയായി കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളെ ചുമതലപ്പെടുത്താൻ വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള സംസ്ഥാന തല കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ടെൻഡര്‍ ഇല്ലാതെ പുതിയ വീടുകളുടെ നിർമാണം ഏല്‍പ്പിക്കാം. താല്‍പര്യമുള്ള ഗുണഭോക്താക്കള്‍ക്ക് നേരിട്ടും ചുമതലപ്പെടുത്താം. നിർമാണ രംഗത്തെ പരിശീലനം കിട്ടിയ 64 കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ യൂനിറ്റുകള്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. ലൈഫ് പദ്ധതിയിൽ പാതിവഴിയിലായ വീടുകളുടെ പൂര്‍ത്തീകരണ ജോലികളും കുടുംബശ്രീ ഗ്രൂപ്പുകളെ ഏൽപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് 10 വീടുകളുടെ നിർമാണം ഓരോ ഗ്രൂപ്പും നടത്തുന്നുണ്ടെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ഉറപ്പുവരുത്തണം. ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് മതിയായ തുക വകയിരുത്താത്ത തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവരം ശേഖരിക്കാൻ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.