തൃശൂർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് അറബിക്കടലിലൂടെ സഞ്ചരിച്ച് ദുരന്തം വിതക്കാതെ നിർവീര്യമായ ന്യൂനമർദം കേരളത്തിന് നൽകിയത് പ്രതീക്ഷയുടെ മഴമേഘം. ശനിയാഴ്ച കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ മഴ ലഭിച്ചു. മധ്യകേരളത്തിലും പരക്കെയല്ലെങ്കിലും മഴയുണ്ട്. ഒാഖിയുടെ പശ്ചാത്തലത്തിൽ യുദ്ധസമാനമായ സന്നാഹങ്ങൾ ഒരുക്കിയെങ്കിലും തീവ്രന്യൂനമർദത്തിലേക്ക് ചുവട് മാറിയ ന്യൂനമർദം ഒടുക്കം മർദപതനത്തിലേക്ക് പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെയാണ് പതിച്ചത്. അന്ന് കൊല്ലം ജില്ലയിലെ പുനലൂർ, ആര്യംകാവ്, കൊല്ലം നഗരത്തിലും മാത്രമേ മഴ ലഭിച്ചിരുന്നുള്ളൂ. എന്നാൽ, നിലവിൽ മുഴുവൻ ജില്ലകളിലും മഴ പ്രതീക്ഷയിലാണ്. ഒപ്പം ചൂട് കുറയാൻ അത് ഇടയാക്കി. 38 ഡിഗ്രി സെൽഷ്യസിൽ എത്തിയ ചൂട് ന്യൂനമർദ പശ്ചാത്തലത്തിൽ 34 വരെയായി. ന്യൂനമർദത്തിന് മുമ്പും പിമ്പും രണ്ട് ദിവസം മേഘാവൃതമായ സാഹചര്യത്തിൽ ചൂട് ഇതിലും കുറഞ്ഞിരുന്നു. തെളിഞ്ഞ ആകാശവും നിലവിലില്ല. സൂര്യവികിരണം ഭൂമിയിൽ നേരിട്ട് പതിക്കാത്തതിനാൽ ചൂടിന് അൽപം കുറവുണ്ട്. അന്തരീക്ഷത്തിൽ ഇൗർപ്പമുള്ളതിനാലാണ് പുഴുക്ക് അനുഭവെപ്പടുന്നത്. ഇൗർപ്പവും സാമാന്യചൂടും ഉള്ളതിനാൽ മേഘരൂപവത്കരണ പ്രക്രിയ ഏറി. ഭൂതലം ചൂടുപിടിച്ച് സാന്ദ്രത കുറഞ്ഞ വായു മുകളിലേക്ക് പോകുകയും മുകളിലേക്ക് പോകും തോറും വായു തണുക്കുകയും ചെയ്യുന്ന സംവഹനപ്രക്രിയയാണ് നിലവിൽ നടക്കുന്നതെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ സി.എസ്. ഗോപകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ശീതീകരിക്കപ്പെട്ട വായു സാന്ദ്രീകൃത പ്രക്രിയക്ക് വിധേയമാവുകയും തുടർന്ന് കാർമേഘങ്ങളായി പരിണമിക്കുകയുമാണ്. ഇങ്ങനെ മാറുന്ന കാർമേഘങ്ങൾ എല്ലാം മഴയായി പെയ്യാനിടയില്ല. എന്നാൽ നല്ലൊരു ശതമാനം മഴയാകാൻ സാധ്യതയുണ്ട്. വേനലിൽ ഇത്തരത്തിൽ മേഘം തണലിട്ട ആകാശത്തിന് കാരണം ന്യൂനമർദമാണെന്ന നിരീക്ഷണമാണ് വകുപ്പിനുള്ളത്. ഇതോടെ ഇക്കുറി വേനൽമഴ കൂടുതൽ ലഭിക്കാനാണ് സാധ്യത. മാർച്ചിൽ12 ശതമാനവും ഏപ്രിലിൽ 23ഉം മേയിൽ 65 ശതമാനവുമാണ് കേരളത്തിൽ വേനൽമഴ ലഭിക്കേണ്ടത്. മാർച്ചിൽ നിലവിൽ 10 ശതമാനം കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.