തൃശൂർ: സ്റ്റേഷനിൽനിന്ന് വിടുതൽ വാങ്ങി, കൺട്രോൾ റൂമിൽ ചുമതലയേറ്റത് രണ്ട് മാസത്തിന് ശേഷം. ഇക്കാലയളവിൽ അവധിയെടുത്തതെന്തിനെന്നതിന് സംബന്ധിച്ച് രേഖകളൊന്നും ഹാജരാക്കിയിട്ടുമില്ല. പൊലീസ് അസോസിയേഷൻ സിറ്റി ജില്ല കമ്മിറ്റിയുടെ നേതാവിനെതിരെയാണ് ഇത്തരത്തിൽ സേനാംഗങ്ങൾ ഡി.ജി.പിക്ക് പരാതി നൽകിയത്. നേരത്തെ റെയിൽവേ പൊലീസിൽ ആയിരിക്കെ ആരോപണത്തെത്തുടർന്ന് നടപടിയെടുത്ത് സ്ഥലം മാറ്റിയതായിരുന്നു നേതാവിനെ. ഇവിടെനിന്ന് പാവറട്ടി പൊലീസിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബർ 23ന് പാവറട്ടി സ്റ്റേഷനിൽനിന്ന് വിടുതൽ വാങ്ങിയ നേതാവ് കൺട്രോൾ റൂമിൽ ചുമതലയേറ്റത് ഈ മാസം ആദ്യം. ഇക്കാലമത്രയും അവധിയെടുത്തത് സംബന്ധിച്ച മറ്റ് ഒരു രേഖകളും ഹാജരാക്കിയിട്ടില്ലേത്ര. സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ ഇതര ജില്ലകളിൽനിന്നുള്ള സേനാംഗങ്ങളെ വരെ വിശ്രമമില്ലാതെ ഡ്യൂട്ടിയിൽ നിയോഗിച്ചായിരുന്നു ക്രമീകരിച്ചിരുന്നത്. ഇതിനിടയിലാണ് ഒരു രേഖകളും സമർപ്പിക്കാതെ ജോലിയിൽ പ്രവേശിക്കാതെ നേതാവ് നടന്നിരുന്നത്. നേരത്തെ ചേർപ്പ് ചേനം കോൾപടവ് സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിൽ മത്സരിച്ചത് ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അനുമതി വാങ്ങാതെയായിരുന്നു മത്സരിച്ചത്. ഇതിൽ കമീഷണർ വിശദീകരണം തേടിയിരുന്നുവെങ്കിലും ഒതുക്കി തീർക്കുകയായിരുന്നു. ഇതിനിടയിലാണ് രേഖകൾ സമർപ്പിക്കാതെ രണ്ട് മാസത്തോളം ജോലിയിൽ പ്രവേശിക്കാതിരുന്നതും കാണിച്ച് ഡി.ജി.പിക്ക് പരാതി അയച്ചിരിക്കുന്നത്. പരാതി സി.പി.എം നേതൃത്വത്തെയും അസോസിയേഷനിലെ അംഗങ്ങൾ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.