പിള്ളപ്പാറയില്‍ കാട്ടുതീ; 20 ഹെക്ടർ വനത്തില്‍ തീ വ്യാപിച്ചു

അതിരപ്പിള്ളി: ചാലക്കുടി വനം ഡിവിഷനില്‍ വെറ്റിലപ്പാറയിലെ 20 ഹെക്ടറോളം വനഭൂമിയില്‍ കാട്ടുതീ. പിള്ളപ്പാറയില്‍ കേണല്‍കുന്ന് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. അടിക്കാടിന് തീപിടിച്ച് ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തി​െൻറ കാരണം വ്യക്തമായിട്ടില്ല. വനപാലകരും വാച്ചര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും അടങ്ങുന്ന നൂറിലേറെപേർ ചേര്‍ന്ന് എട്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. വൈകുന്നേരം ലഭിച്ച ചെറിയ മഴ സഹായകമായി. തീപിടിത്തമുണ്ടായാല്‍ നടപടി സ്വീകരിക്കാന്‍ വനത്തില്‍ രാത്രിയിലും വാച്ചര്‍മാര്‍ കാവലുണ്ട്. കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയുടെ സാഹചര്യത്തില്‍ വനംവകുപ്പ് ജാഗ്രതയിലാണ്. ഞായറാഴ്ച മുതല്‍ പിള്ളപ്പാറ ഭാഗത്ത് കാട്ടില്‍ അവിടവിടെയായി ചെറിയ തീപിടിത്തങ്ങള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെ തീ ശക്തമാവുകയായിരുന്നു. ന്യൂനമർദത്തെ തുടര്‍ന്ന് കാറ്റ് ശക്തമായത് തീ ആളിപ്പടര്‍ത്തി. കുന്നിന് മുകളില്‍നിന്ന് കാട്ടുതീ താഴോട്ട് പടർന്നു. രാവിലെ ആറു മുതൽ ചാലക്കുടി ഡി.എഫ്.ഒ ആര്‍. കീര്‍ത്തിയുടെയും റേഞ്ച് ഓഫിസറുടെയും നേതൃത്വത്തില്‍ വനപാലകരും വി.എസ്.എസ് വളൻറിയര്‍മാരുമുൾപ്പെടെ സ്ത്രീ പുരുഷഭേദമന്യേ ആളുകൾ സംഘടിച്ച് തീ അണക്കാൻ നേതൃത്വം നൽകി. വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിച്ചതോടെ കൂടുതല്‍ പേര്‍ തീയണക്കാനെത്തി. അടിക്കാടുകള്‍ക്കൊപ്പം മുളങ്കൂട്ടങ്ങളും വന്‍മരങ്ങളും തീയില്‍ എരിഞ്ഞു. ഇതിനിടെ ചാലക്കുടിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമത്തില്‍ പങ്കാളികളായി. ഇരിങ്ങാലക്കുടയില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തി താഴെ കാത്തുനിന്നു. മൂന്നു മണിയോടെ കാട്ടുതീ പൂര്‍ണമായും അണച്ചാണ് അംഗങ്ങള്‍ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.