തൃശൂർ: കൃഷിയിറക്കിയ കർഷകന് വൈക്കോലിൽ അവകാശമില്ല; ആവശ്യമെങ്കിൽ പണം തന്ന് വാങ്ങിക്കൊള്ളാൻ കോൾപടവ് കമ്മിറ്റിയുടെ നിർദേശം. തൃശൂർ കോർപറേഷന് കീഴിലെ പുല്ലഴി കോൾപടവ് സഹകരണ സംഘമാണ് കർഷകർക്ക് വൈക്കോലിന് അവകാശം നിഷേധിച്ച് നോട്ടീസ് നൽകിയത്. അടുത്ത ദിവസം മുതൽ കൊയ്ത്ത് തുടങ്ങാനിരിക്കെയാണ് മുന്നറിയിപ്പോ കൂടിയാലോചനകളോ ഇല്ലാതെ സംഘം ഭരണസമിതി ഇൗ ഉത്തരവിട്ടത്. സംഘം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നഷ്ടം നികത്താനുള്ള കർഷക വിഹിതമാണെന്നുമാണ് വാദം. എന്നാൽ, സംഘം നഷ്ടത്തിലാവേണ്ട കാര്യമില്ലെന്നും മികച്ച വിളവുള്ള പാടശേഖരവും മികച്ച രീതിയിൽ കൃഷിയിറക്കുന്ന കർഷകരുമാണ് പടവിന് കീഴിലുള്ളത്. നഷ്ടം സംഭവിച്ചതിനെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കർഷകർ പറഞ്ഞു. 700 ഏക്കർ കൃഷിയിടവും അറുന്നൂറോളം കർഷകരുമാണ് പുല്ലഴി കോൾപടവിൽ കൃഷിയിറക്കുന്നത്. നെൽകർഷകരിൽ ഭൂരിഭാഗവും ക്ഷീര കർഷകരാണ്. നെല്ല് സംഭരണത്തിലെ തുക കുടിശ്ശികയായപ്പോൾ കാലിത്തീറ്റ നൽകാൻ പ്രയാസമനുഭവപ്പെടാതിരുന്നത് വൈക്കോൽ സ്വന്തമായുണ്ടായിരുന്നത് കൊണ്ടാണ്. സംഘം വൈക്കോൽ എടുക്കുന്നത് കർഷകന് ബാധ്യതയുണ്ടാക്കും. ഏക്കറിന് 5,000 രൂപയാണ് സംഘം നെല്ലിന് വില നിശ്ചയിച്ചത്. കർഷകന് നെല്ല് വേണമെങ്കിൽ വില നൽകി സ്വന്തമാക്കാം. സംഘം മുഖേനയാണ് കൊയ്ത്തുയന്ത്രം കൊണ്ടുവരുന്നത്. ഒരു ഏക്കർ കൊയ്യാൻ 1700 രൂപയാണ് ഈടാക്കുക. ഒരു മണിക്കൂർ കഴിഞ്ഞാൽ കൂടുതൽ തുക നൽകണം. 1.48 കോടി സംഘത്തിന് കടബാധ്യതയുണ്ടെന്ന് പറയുന്നു. ഭരണസമിതി അംഗങ്ങളുടെ പിടിപ്പുകേട് മൂലമുണ്ടായ നഷ്ടം തങ്ങളിൽ നിന്ന് ഈടാക്കാൻ അനുവദിക്കില്ലെന്നാണ് കർഷകരുടെ നിലപാട്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിെൻറ മണ്ഡലം ഉൾപ്പെടുന്നതാണ് പുല്ലഴി കോൾപടവ്. മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ. സംഘം ഭരണസമിതിയുടെ കർഷക വിരുദ്ധ നിലപാടിൽ പുല്ലഴി കോൾപടവ് കർഷക സംരക്ഷണസമിതി പ്രതിഷേധിച്ചു. മുൻ കൗൺസിലർ കെ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.