സ്നേഹചരിതമെഴുതി ചേർപ്പ്

ചേർപ്പ്: സുരേഷി​െൻറയും സഹോദരങ്ങളുടെയും ഗൃഹപ്രവേശം നാട് ഉത്സവമാക്കി. നാടൊന്നിച്ച് ആ ചടങ്ങിനെത്തി. പാല് കാച്ചിനും ഭക്ഷണം കഴിക്കാനും എല്ലാവരും ഒത്തുകൂടി. റൂറൽ എസ്.പി യതീഷ്ചന്ദ്രയും ചടങ്ങിന് എത്തിയിരുന്നു. ഞായറാഴ്ച മന്ത്രി സി. രവീന്ദ്രനാഥ് എത്തും. തകർന്ന കൂരക്കുള്ളിൽ ഭയത്തോടെ മക്കളെ ചേർത്തുപിടിച്ച് ഉറക്കമില്ലാതെ കിടന്ന സുരേഷി​െൻറയും സഹോദരങ്ങളുടെയും ജീവിതത്തി​െൻറ വലിയ കാലത്തിന് വിടയാകുകയാണ്. ഇവർക്കായി സാന്ത്വനം സഹായവേദിയുടെ നേതൃത്വത്തിൽ പണിതീർത്ത ആദ്യവീടി​െൻറ ഗൃഹപ്രവേശം ലളിതവും പ്രൗഢവുമായിരുന്നു. സ്നേഹത്തി​െൻറ പുതുചരിതമെഴുതുകയായിരുന്നു സുരേഷിനും സഹോദരങ്ങൾക്കുമായി ചേർപ്പ് പടിഞ്ഞാറ്റുമുറിയെന്ന നാട്. കഴിഞ്ഞ നവംബർ 11നായിരുന്നു 'മാധ്യമം' ഇവരുടെ ദുരിതകഥ പ്രസിദ്ധീകരിച്ചത്. വാർത്ത ശ്രദ്ധയിൽപെട്ടയുടൻ ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ്, പൊതുപ്രവർത്തകൻ കെ.കെ. ഷിഹാബ്, വാർഡംഗം പി.വി.അശോകൻ, ചേർപ്പ് പൊലീസ് സബ് ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സഹായിക്കാൻ നാട്ടുകാർ തീരുമാനിച്ചു. കൂടിയാലോചനക്കായി ചേർന്ന യോഗത്തിൽ സാന്ത്വനം സഹായവേദിക്ക് രൂപം നൽകി. സുരേഷും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന് മൂന്ന് വീടുകൾ നിർമിക്കാൻ തീരുമാനിച്ചു. യോഗത്തിന് എത്തിയവർ സഹായങ്ങളറിയിച്ചതോടെ അതിവേഗത്തിലായിരുന്നു നടപടികൾ. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും പട്ടയങ്ങളുമില്ലാത്തത് പരിഹരിക്കാനും ശ്രമങ്ങൾ തുടങ്ങി. നവംബർ 29ന് റൂറൽ എസ്.പി യതീഷ്ചന്ദ്രയും സാമൂഹ്യപ്രവർത്തക നർഗീസ് ബീഗവും ചേർന്ന് തറക്കല്ലിട്ട ആദ്യ വീടി​െൻറ നിർമാണം നൂറ് നാൾ തികയും മുമ്പേ പൂർത്തീകരിച്ചു. സുരേഷി​െൻറയും കുടുംബത്തി​െൻറയും ആഗ്രഹമറിഞ്ഞായിരുന്നു ഓരോ പ്രവർത്തനങ്ങളും. നിർമാണഘട്ടങ്ങളോരോന്നും എസ്.ഐ ചിത്തരഞ്ജ​െൻറ നേതൃത്വത്തിൽ വിലയിരുത്തി. വിപുലമായ ആഘോഷ പരിപാടികളൊന്നും തീരുമാനിച്ചിരുന്നില്ലെങ്കിലും, കക്ഷിരാഷ്ട്രീയവും ജാതിഭേദവുമില്ലാതെയായിരുന്നു സുരേഷിനും സഹോദരങ്ങൾക്കുമുള്ള വീടി​െൻറ ഗൃഹപ്രവേശത്തിന് നാടൊന്നാകെയെത്തിയത്. ഇവർക്കുള്ള രണ്ടാമത്തെ വീടി​െൻറ ശിലാസ്ഥാപനം കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മൽ അടുത്തയാഴ്ച നിർവഹിക്കുമെന്ന് സാന്ത്വനം ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.