മക്കൾ പരിചരിക്കുന്നില്ലെന്ന പരാതിയുമായി വനിത ദിനത്തിൽ വയോധിക പൊലീസ് സ്​റ്റേഷനിൽ

കുന്നംകുളം: മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി കാര്‍ഷിക സമരത്തിലെ നായിക പൊലീസ് സ്‌റ്റേഷനിലെത്തി. കേച്ചേരി തലക്കോട്ടുകര മമ്പറമ്പില്‍ താമസിക്കുന്ന വയോധികയാണ് അനാഥാവസ്ഥയില്‍ അഭയം തേടിയെത്തിയത്. തലക്കോട്ടുകര തെക്കുമുറി പാടത്ത് വര്‍ഷങ്ങൾക്കുമുമ്പ് നടന്ന കാര്‍ഷിക സമരത്തിലെ നായികയാണ് ഇവർ. വർഷങ്ങൾക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചെങ്കിലും തലക്കോട്ടുകരയിലെ മൂന്നര സ​െൻറ് സ്ഥലത്തുള്ള ചെറിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വയോധികക്ക് ശാരീര അസ്വസ്ഥതകൾ നേരിട്ടതോടെ മൂത്തമകനോടൊപ്പം താമസമാക്കി. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. കൂലിവേല ചെയ്താണ് കാർത്യായനി ജീവിതം തള്ളിനീക്കിയിരുന്നത്. പെന്‍ഷനും മറ്റുമായി കിട്ടിയിരുന്ന പണം സമ്പാദ്യമായി സൂക്ഷിച്ചിരുന്നു. ഇത് പലപ്പോഴായി പേരക്കുട്ടിക്ക് നല്‍കി. ഇത് തിരിച്ച് നല്‍കണമെന്നും സുരക്ഷിതത്വം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. കൂടാതെ ഇവരുടെ പേരിലുള്ള മൂന്നര സ​െൻറ് സ്ഥലം മക്കൾ കൈവശപ്പെടുത്താന്‍ ശ്രമിച്ചതായും പൊലീസിൽ പരാതി പറഞ്ഞു. ഒരാഴ്ച മുമ്പ് മൂത്തമക​െൻറ വീട്ടില്‍ നിന്ന് ഇറങ്ങി പോന്നെങ്കിലും മാതാവ് എവിടെയാണെന്ന് അന്വേഷിക്കാന്‍ പോലും അവർ തയാറായില്ലേത്ര. പരാതി കേട്ട പൊലീസ്, മക്കളെയും പണം വാങ്ങിയെന്ന് പറയുന്ന ചെറുമകനെയും സ്റ്റേഷനിലേക്ക് വരുത്തി. എന്നാൽ മക്കള്‍ നോക്കുന്നില്ലെന്ന് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മയുടെ മനസ്സ് അതിന് തയാറായില്ല. വാങ്ങിയ പണം തിരികെ നല്‍കാന്‍ ചെറുമകനോട് പൊലീസ് നിര്‍ദേശിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്‌റ്റേഷനിലെത്തിയ ഇളയ മകനോടൊപ്പം വയോധികയെ പൊലീസ് പറഞ്ഞയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.