ഞങ്ങൾക്ക് വഴി നടക്കണം

കയ്പമംഗലം: ജോലിയും പഠനവും കഴിഞ്ഞ് സായാഹ്നങ്ങളിൽ വീടണയാൻ വെമ്പുന്ന പെൺകൂട്ടത്തിന് പെരിഞ്ഞനം പഞ്ചായത്ത് 14ാം വാർഡിലെ കള്ളുഷാപ്പ് പേടിസ്വപ്നമായിരുന്നു. അതിന് മുന്നിൽ റോഡോരത്തെ തോടി​െൻറ മുകളിലുള്ള കലുങ്കിൽ ഇരു ഭാഗത്തും കൂട്ടംകൂടി ഇരിക്കുന്ന മദ്യപസംഘത്തി​െൻറ തുറിച്ച് നോട്ടവും കമൻറടിയും ഭയന്ന് ഊടുവഴികൾ അവർക്ക് ആശ്രയിക്കേണ്ടിവന്നു. ഇതിനൊരു അറുതിവരുത്തുവാന്‍ എന്താണ് മാര്‍ഗം? അവസാനം അവര്‍ തീരുമാനിച്ചു- കലുങ്ക് കൈയേറുക തന്നെ. രണ്ടാഴ്ച മുമ്പ് ഒരു വൈകുന്നേരം കള്ളുഷാപ്പിന് മുന്നിലേക്ക് സ്ത്രീകള്‍ സംഘമായെത്തി. ആണുങ്ങള്‍ ഇരിക്കാറുള്ള കലുങ്കില്‍, ഇരുഭാഗത്തുമായി 20ഓളം സ്ത്രീകള്‍ ഇരിപ്പുറപ്പിച്ചു! എന്താ സംഭവം? ഷാപ്പിന് മുന്നിലുള്ളവരും വഴിപോക്കരും അന്തംവിട്ടു. എല്ലാവരും വാ പൊളിച്ചിരിക്കെ ദാ വരുന്നു, കലുങ്കി​െൻറ ഒരറ്റത്ത് നിന്ന് രണ്ടുവരി പാട്ട്. അവസാനത്തെ അക്ഷരം പിടിച്ച് മറുവശത്ത് നിന്ന് മറുപാട്ട്. അരമണിക്കൂറിലധികം അന്താക്ഷരി നീണ്ടപ്പോള്‍ രംഗം പന്തിയല്ലെന്ന് കണ്ട മദ്യപസംഘം പതിയെ പിന്‍വാങ്ങി. ഇത് ഒരു വിപ്ലവമായിരുന്നു. പുരുഷന്മാരോട് കലഹമുണ്ടാക്കാതെ സാമൂഹിക വിരുദ്ധരെ നിലക്ക് നിര്‍ത്തുന്ന വിപ്ലവം. പെരിഞ്ഞനം പഞ്ചായത്ത് വനിത ശിശു സൗഹൃദ പഞ്ചായത്താക്കുന്നതി​െൻറ ആദ്യ പടിയായിട്ടാണ് വിപ്ലവം അരങ്ങേറിയത്. സ്ത്രീകളുടെ നേതൃത്വത്തില്‍ അതത് പഞ്ചായത്തുകളിലെ പ്രാദേശിക -കുടുംബ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം നിർദേശിക്കുകയും പദ്ധതി തയാറാക്കുകയും ചെയ്യുക എന്നതാണ് പ്രധാന പ്രവര്‍ത്തനം. സ്ത്രീ ശാക്തീകരണം പ്രഖ്യാപിക്കാന്‍ വനിതദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകളുടെ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ അവഗണിക്കപ്പെടുന്നിടത്തേക്ക് ഇരച്ചുകയറി അഭിമാനവും സുരക്ഷയും തിരിച്ചുപിടിക്കാന്‍ അവര്‍ സ്വയം മുന്നോട്ടുവരുന്നത് തികച്ചും ശ്ലാഘനീയമാണെന്നും ഇവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സായിദ മുത്തുക്കോയ, പഞ്ചായത്തംഗം സ്മിത ഷാജി, സിന്ധു ഉണ്ണി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല ജോ.സെക്രട്ടറി എം.ജി. ജയശ്രീ, കെ.കെ. കസീമ എന്നിവരാണ് ഇതി​െൻറ മുന്നണിപ്പോരാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.