തൃശൂർ: വേനൽ കനത്തതോടെ കുടിവെള്ള മാഫിയ സജീവം. വീട്ടാവശ്യത്തിനും വ്യാപാരാവശ്യത്തിനും വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്ന സംഘമാണ് നിർബാധം വിലസുന്നത്. 1000 ലിറ്ററിെൻറ ടാങ്ക് വെള്ളത്തിന് 900 മുതല്‍ 1500 വരെ പണം ഈടാക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ദൂരത്തിനനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. നഗരത്തിലെ മിക്ക ഹോട്ടലുകളും വീടുകളും ഫ്ലാറ്റുകളും ടാങ്കറിലെത്തിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. കുടിവെള്ള വില്‍പനക്കും വിതരണത്തിനും ലൈസന്‍സ് നിര്‍ബന്ധമായിരിക്കണമെന്ന് വ്യവസ്‌ഥയുണ്ട്. ഗുണമേന്മ പരിശോധനയും ഉറപ്പുവരുത്തണം. എന്നാൽ ഇതൊന്നും മാഫിയക്ക് ബാധകമല്ല. ജനജന്യരോഗങ്ങൾ പടരാൻ ഏറെ സാധ്യതയുള്ളപ്പോഴാണ് ഇത്തരം മാഫിയകളുടെ ചൂഷണം. കിണർ, കുഴല്‍ കണിറുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമാണ് ശേഖരിക്കുന്നതെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ പാറമട, ചിറ, കുളം എന്നിവയിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്. പലപ്പോഴും രാത്രിയിലാണ് ഇക്കൂട്ടർ വെള്ളം എടുക്കുന്നത്. 20 ലിറ്റർ കുപ്പിയിൽ മിനറൽ വാട്ടർ എന്ന പേരിലെത്തുന്ന വെള്ളവും അപകടകാരിയെന്നാണ് കണ്ടെത്തൽ. ഇതിൽ പ്രമുഖബ്രാൻഡുകളുടെ പേരിലുള്ളവയുമുണ്ട്. കുപ്പിവെള്ളം ഭൂരിഭാഗവും മലിനമാണെന്ന് മാസങ്ങൾക്ക് മുമ്പ് ഹൈകോടതി തന്നെ പറഞ്ഞിരുന്നു. തൃശൂർ നഗരത്തിൽ ഒരു മാസം മുമ്പാണ് നാല് കുടിവെള്ള നിർമാണ വിതരണ കമ്പനികൾ പൂട്ടിച്ചത്. കോളറക്ക് കാരണമായേക്കാവുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഇത്തരം കുപ്പിവെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടുത്തിടെ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. തൃശൂർ നഗരത്തിനോട് ചേർന്ന് പന്ത്രണ്ടോളം കുടിവെള്ള വിതരണ ഏജൻസികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ വേനൽക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്നവരുമുണ്ട്. ഉദാഹരണം തൃശൂർ നഗരം ഏറെ വിവാദമായതാണ് തൃശൂർ കോർപറേഷനിലെ ടാങ്കർലോറി വെള്ളം കൊള്ള. കോടികളാണ് കുടിവെള്ള വിതരണത്തിെൻറ പേരിൽ ചിലവിടുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 15 മുതൽ ജൂൺ ഒന്നുവരെ 106 ദിവസം മാത്രം വിതരണത്തിന് ചെലവായത് 4.2 കോടി രൂപ. 2016ൽ ഇതേ കാലയളവിൽ 3.58 കോടിയായിരുന്നു. ഇരുചക്രവാഹനങ്ങളിൽപ്പോലും 500ലിറ്റർ ടാങ്കുവെച്ച് കുടിവെള്ളവിതരണം നടത്തിയെന്ന ഓഡിറ്റ് റിപ്പോർട്ട് ഏറെ വിവാദമായതാണ്. കോർപറേഷൻ ടാങ്കർ ലോറികൾ ദിവസം രണ്ടു ട്രിപ്പുകൾ നടത്തുമ്പോൾ കരാറുകാരുടെ ലോറികൾ പ്രതിദിനം 14 ട്രിപ്പുകൾ വരെ നടത്തിയതായാണ് പണം ചെലവിട്ടിരിക്കുന്നത്. കോർപറേഷന് അഞ്ച് വാഹനങ്ങളുണ്ടെങ്കിലും ജലവിതരണത്തിന് ഉപയോഗിക്കുന്നത് ഒന്നോ രണ്ടോ മാത്രമാണ്. കോർപറേഷെൻറ ടാങ്കർ കുടിവെള്ളവിതരണം സുതാര്യമല്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം എല്ലാവർഷവും കണ്ടെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.