തൃശൂർ: ദേശീയപാത 544 ആറുവരിപ്പാത വികസനം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ തിരക്കിട്ട നീക്കം. പലയിടത്തും ആറു വരി വികസനം പൂർത്തിയാകാത്ത സാഹചര്യത്തിൽ ബാങ്കുകളുടെ കൺസോർഷ്യം കരാറുകാരായ കെ.എം.സിക്ക് പണം നൽകുന്നത് നിർത്തിയിരിക്കുകയാണ്. എങ്ങനെയെങ്കിലും പാത തട്ടിക്കൂട്ടി ടോൾ പിരിവ് തുടങ്ങാനാണ് സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയുടെ ശ്രമം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് പന്നിയങ്കരയിൽ പത്ത് ബൂത്തുകളുള്ള ടോൾ പിരിവ് കേന്ദ്രം സജ്ജമായിക്കഴിഞ്ഞു. വിവാദത്തിലും നിലവാരത്തകർച്ചയിലും മുന്നിൽ നിൽക്കുന്ന മണ്ണുത്തി-അങ്കമാലി പാതയുടെ നിർമാതാക്കളാണ് വടക്കഞ്ചേരി പാത നിർമിക്കുന്ന കെ.എം.സി കമ്പനി. ദേശീയപാത അതോറിറ്റി പലതവണ ഇവർക്ക് കമീഷനിങ് കാലാവധി നീട്ടി നൽകി. ഒടുവിൽ 2018 മാർച്ചിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ ഈ കാലാവധിക്കുള്ളിലും നിർമാണം പൂർത്തിയായിട്ടില്ല. വീണ്ടും ദേശീയപാത അതോറിറ്റി ഇവർക്ക് സമയം നീട്ടി നൽകിയിരിക്കുകയാണ്. മണ്ണുത്തി-അങ്കമാലി പാത പോലെ നിലവാരമില്ലാത്തതാണ് വടക്കഞ്ചേരി പാതയുടെയും നിർമാണമെന്ന് ആക്ഷേപമുണ്ട്. ടാറിട്ട് പോയതിന് പിന്നാലെ പലയിടത്തും വൻ ഗർത്തങ്ങൾ രൂപപ്പെട്ടത് വ്യാപക പരാതിക്കിടയാക്കി. നിലവിൽ ടോൾ പിരിക്കുന്ന മണ്ണുത്തി-അങ്കമാലി പാതയിൽ അഞ്ച് വർഷം പിന്നിട്ടിട്ടും നിർമാണം പൂർത്തിയായിട്ടില്ല. അനുബന്ധ സൗകര്യങ്ങളുടെ കാര്യത്തിലും കമ്പനി നടപടിയെടുത്തിട്ടില്ല. കലക്ടർ ഉൾപ്പെടെ വൻ പൊലീസ് സന്നാഹത്തെ മുൻ നിർത്തിയാണ് പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പണി പൂർത്തിയാക്കിയതുമില്ല. വടക്കഞ്ചേരി പാതയിൽ സർവിസ് റോഡുകൾ പല സ്ഥലത്തുമില്ല. അഴുക്കുചാൽ, അടിപ്പാത നിർമാണങ്ങൾ ഒരിടത്തും പൂർത്തിയായില്ല. മാത്രമല്ല, പല ഭാഗത്തും ആറു വരിപ്പാത ആയിട്ടില്ല. അനുബന്ധ കരാറുകാർക്ക് ഫണ്ട് നൽകാത്തതിനാൽ സമരത്തിലുമാണ്. പാത നിർമാണത്തിെൻറ 74 ശതമാനം പങ്കാളിത്തമാണ് ഇതിൽ കെ.എം.സിക്കുള്ളത്്. ആദ്യം 900 കോടിയുടേതായിരുന്നു പദ്ധതി. 2013ൽ കമീഷൻ ചെയ്യാനാവുന്ന വിധത്തിലാണ് വിഭാവനം ചെയ്തത്. 85 ശതമാനത്തിലധികം പണി പൂർത്തിയായാൽ ടോൾ പിരിക്കാമെന്ന വ്യവസ്ഥ മുതലെടുത്താണ് പാലിയേക്കരയിൽ പിരിവ് തുടങ്ങിയത്. ഇത് മണ്ണുത്തി-വടക്കഞ്ചേരി പാതയിലും ആവർത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിന് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടേയും ദേശീയപാത വികസന അതോറിറ്റിയുടേയും പച്ചക്കൊടി ലഭിച്ചാൽ വൈകാതെ പിരിവ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.