തൃശൂർ ലൈവ്​

അതിരപ്പിള്ളിയിലുള്ളവർക്ക് ഭയം പട്ടിണിയെ അല്ല, ഭരണകൂടത്തെ അതിരപ്പിള്ളിയെന്ന കേരളത്തിലെ അതിമനോഹര വിനോദ സഞ്ചാര കേന്ദ്രം എന്നും വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്താണ്. ഇവിടെ ജലവൈദ്യുത പദ്ധതി നടപ്പാക്കണമെന്ന മാറി വരുന്ന സർക്കാറുകളുടെ താൽപര്യമാണ് വിവാദത്തി​െൻറ അടിസ്ഥാനം. ഇത്തരം ചർച്ച അന്തരീക്ഷത്തിൽ ഉയർന്നുവരുമ്പോൾ ചങ്ക് പെടക്കണത് ഇവിടുത്തെ ഊരിൽ കഴിയുന്ന ആദിവാസികൾക്കാണ്. പദ്ധതി നടപ്പായാൽ 28 ആദിവാസി കുടുംബങ്ങളുടെ വാസസ്ഥലവും മുങ്ങും. പൊകലപ്പാറ ഊര് അപ്പാടെ മുങ്ങും. അവിടെ 26 കുടുംബങ്ങളുണ്ട്. പട്ടിണി അല്ല ഭയക്കുന്നത്, ഭരണകൂടത്തെയാണ് എന്ന അന്തരിച്ച ആദിവാസി മൂപ്പത്തിയും അതിരപ്പിള്ളി സമരനേതാവുമായിരുന്ന ഗീതയുടെ വാക്കുകൾക്ക് പ്രസക്തിയേറെ. അതിരപ്പിള്ളിയിലെ ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിയുന്ന കാടർ വിഭാഗത്തിലുള്ള ആദിവാസി വിഭാഗങ്ങൾ ഇന്നും നേരിടുന്നത് ഭൂമി പ്രശ്നവും സ്വൈര്യജീവിതവുമാണ്. 1905-ല്‍ ബ്രിട്ടീഷുകാര്‍ ചാലക്കുടിയില്‍നിന്ന് പറമ്പിക്കുളത്തേക്ക് ട്രാംവേ പണിതപ്പോൾ ആരംഭിച്ച ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ ദുരിതം. പശ്ചിമഘട്ടത്തില്‍നിന്ന് മരങ്ങള്‍ ട്രാംവേയിലൂടെ മുറിച്ചു കടത്തിയപ്പോള്‍ കാടരുടെ വേരുകളിലും കോടാലി വീണു. കുറച്ചു പേര്‍ പറമ്പിക്കുളത്ത് തങ്ങി, മറ്റുള്ളവര്‍ പല വഴിക്കായി പിരിഞ്ഞു. പെരിങ്ങല്‍ക്കുത്തിലും ഒരു സംഘമെത്തി. പിന്നാലെ അണക്കെട്ടുകളിലൊന്ന് 1950-കളില്‍ പെരിങ്ങല്‍ക്കുത്തിലുമെത്തി. 1957-ല്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് കമീഷന്‍ ചെയ്തു. ഇതോടെ ആദിവാസികൾ അവിടെനിന്നും ഇറങ്ങേണ്ടി വന്നു. അതിരപ്പിള്ളി, ഇട്ട്യാണി തുടങ്ങിയ ഇടങ്ങളിലെത്തി. പറമ്പിക്കുളത്തുനിന്ന് ഓടിയവർ കാരാത്തോട്, മുക്കുമ്പുഴയിലും വാഴച്ചാലിലുമെത്തി. ഇവിടെ നിന്നാണ് അതിരപ്പിള്ളി പദ്ധതിയുടെ പേരിലൂടെ അടുത്ത കുടിയൊഴിപ്പിക്കൽ കാത്തിരിക്കുന്നത്. കേരളത്തിലെ അഞ്ച് പ്രാക്‌തന ആദിവാസി വിഭാഗത്തിലെ ഒരു വിഭാഗമാണ് കാടർ. കാടിനോട് ഇഴുകിചേര്‍ന്ന് വസിക്കുന്നവർ. വാഴച്ചാല്‍, തവളക്കുഴിപ്പാറ, ആനക്കയം, ഷോളയാര്‍, പൊകലപ്പാറ, വാച്ചുമരം, പെരുമ്പാറ, പെരിങ്ങല്‍ക്കുത്ത്, മുക്കുമ്പുഴ എന്നീ ഒമ്പത് ഊരുകള്‍ക്ക് അവകാശപ്പെട്ട 40,000 ഹെക്ടര്‍ കാട്. 138.6 ഹെക്ടറിനെ ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതി അവരുടെ സ്വൈര്യജീവിതത്തെ വെല്ലുവിളിക്കുന്നതാണ്. ഭൂമി നൽകുന്നത് തടഞ്ഞ് വനംവകുപ്പ് അതിരപ്പിള്ളിയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിൽ വനം വകുപ്പി​െൻറ തടസ്സവാദം. വനംവകുപ്പ് ജണ്ടകെട്ടിത്തിരിച്ച കോളനികള്‍ക്കകത്തെ തുണ്ടുഭൂമികളിലാണ് താമസിക്കുന്നത്. ആദിവാസികൾക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് വനഭൂമി ൈകയേറിയുള്ള സമരംവരെ നടന്നിരുന്നു. ഇടത് സര്‍ക്കാര്‍ വന്നശേഷം ഭൂമി നൽകണമെന്ന ആവശ്യമുയർന്നപ്പോഴാണ് വനംവകുപ്പി​െൻറ തടസ്സവാദവുമുയരുന്നത്. ആനക്കയം ആനത്താരയാണെന്നും അതുകൊണ്ട് ഭൂമി നല്‍കാനാവില്ലെന്നുമാണ് ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതിരപ്പിള്ളി വനഭാഗത്ത് ആനകള്‍ എത്താത്ത ഒരുതുണ്ടു ഭൂമിപോലും കണ്ടെത്താനാവില്ല. ഇപ്പോഴത്തെ ആദിവാസികോളനികളിലും ആനകള്‍ ഇറങ്ങാറുണ്ട്. അതിനാല്‍ വനംവകുപ്പി​െൻറ ഈ റിപ്പോര്‍ട്ട് ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് തടസ്സപ്പെടുത്താനുള്ള വെറും ന്യായീകരണം മാത്രമാണെന്നാണ് ആക്ഷേപം. ഇതോടൊപ്പം സി.പി.എം, സി.പി.ഐ വകുപ്പുകളുടെ തർക്കവും ഇതിലുണ്ടെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.