തൃശൂർ: വടൂക്കരയിൽ റെയിൽവേ മേൽപാലം വേണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി വടൂക്കര സന്മാർഗ ദീപം ഗ്രാമീണ വായനശാല. മുന്നോടിയായി നാലിന് വൈകീട്ട് നാലിന് വായനശാല ഹാളിൽ കൂടുന്ന ജനകീയ കൂട്ടായ്മയിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് വായനശാല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വടൂക്കരയിലെ റെയിൽവേ ഗേറ്റ് ജന ജീവിതത്തെ ദുസ്സഹമാക്കി. രണ്ടും മൂന്നും ട്രെയിനുകൾ കടന്നു പോകാൻ ഗേറ്റ് അടച്ചിടുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിൽ അര മണിക്കൂറിലേറെ വാഹനങ്ങൾ ഗേറ്റിൽ കുടുങ്ങുന്നു. വിദ്യാർഥികളും ജോലിക്കാരുമാണ് ഏറെ പ്രയാസപ്പെടുന്നത്. അത്യാസന്ന ഘട്ടത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാനും പലപ്പോഴും പറ്റാതായിട്ടുണ്ട്. വാടാനപ്പള്ളി, കുന്നംകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും തൃശൂർ നഗരം കയറാതെ പോകാൻ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. തൃശൂർ റെയിൽവേ ഗുഡ്ഷെഡിൽ നിന്നുള്ള ചരക്ക് ലോറികൾ കുരിയിച്ചിറ വേർഹൗസിലേക്ക് കൊണ്ടുപോകുന്നതും ഇതു വഴിയാണ്. നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടായാലും വാഹനങ്ങൾ കടന്നു പോകുന്നത് വടൂക്കര വഴിയാണ്. ഗേറ്റ് തകരാറിലായാൽ മൂന്ന് ദിവസംവരെ ഗതാഗതം മുടങ്ങാറുണ്ട്. 2014 ഡിസംബറിൽ റെയിൽവേ നടത്തിയ സെൻസസിൽ വടൂക്കര വഴിയുള്ള ഗതാഗതം 3,81,800 ട്രാഫിക് വെഹിക്കിൾ യൂനിറ്റാണ്. ഇത് ഒരു ലക്ഷം കവിഞ്ഞാൽ മേൽപാലം പണിയണമെന്നാണ് റെയിൽവേയുടെ മാനദണ്ഡം. നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ ഒൗട്ടർ റിങ്ങ് റോഡ് കടന്നു പോകേണ്ടത് വടൂക്കര വഴിയാണ്. ഇവിടെ മേൽപാലം യാഥാർഥ്യമാക്കുന്നതിൽ നഗരസഭക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ഇൗ സാഹചര്യത്തിലാണ് ജനകീയ പ്രക്ഷോഭം നടത്താൻ വായനശാല തീരുമാനിച്ചത്. വടൂക്കരയുടെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിച്ച ചരിത്രമാണ് വായനശാലക്കുള്ളത്. വാർത്തസമ്മേളനത്തിൽ വായനശാല പ്രസിഡൻറ് തിലകൻ കൈപ്പുഴ, മറ്റു ഭാരവാഹികളായ സോഫി തിലകൻ, എൻ.കെ. ജയൻ, പി. മുഹമ്മദ് ബാബു, വി.വി. വിനോദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.