വയോധികരെ 'മന്ദഹസിപ്പിക്കാൻ' നാല് ജില്ലകൾ

തൃശൂർ: വയോധികർക്ക് ആരോഗ്യമുള്ള പല്ലുകൾ വെച്ചുപിടിപ്പിക്കുന്ന 'മന്ദഹാസം' പദ്ധതിക്ക് നാല് ജില്ലകളിൽ 133 ഗുണഭോക്താക്കൾ. ആദ്യഘട്ടത്തിൽ 1500 പേർക്ക് പല്ലുകൾ വെച്ചുനൽകാനായി ഒരാൾക്ക് 5000 രൂപ വരെ വീതം 76 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും പല ജില്ലകളിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്തില്ല. ഫണ്ട് വിനിയോഗം അവസാനിക്കാൻ ഒരു മാസം ശേഷിക്കെ കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാക്കി ജില്ലകളിലെ ഗുണഭോക്താക്കളുടെ പട്ടിക അഞ്ചിനകം നൽകാൻ സാമൂഹ്യനീതി ഡയറക്ടർ നിർദേശം നൽകി. സർക്കാർ ആശുപത്രികൾ വഴിയാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടതെങ്കിലും പലയിടത്തും സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി. പദ്ധതി നടത്തിപ്പി​െൻറ ആദ്യഘട്ടത്തിൽ 50 ശതമാനം തുകയാണ് സ്വകാര്യ ആശുപത്രിക്ക് നൽകുക. സർക്കാർ ആശുപത്രിയിലൂടെ പദ്ധതി നടപ്പാക്കുന്ന കോഴിക്കോട് ജില്ലയിൽ 50 ഗുണഭോക്താക്കളാണുള്ളത്. ഒരാൾക്ക് 5000 രൂപ വീതം രണ്ടര ലക്ഷം രൂപ വിനിയോഗിക്കാൻ അനുമതി നൽകി. മലപ്പുറം 32, കോട്ടയം 41, പത്തനംതിട്ട 10 എന്നിങ്ങനെയാണ് പട്ടികയിൽ ഇടം നേടിയ വയോധികരുടെ എണ്ണം. ഇൗ ജില്ലകളിൽ സ്വകാര്യ ആശുപത്രികളിലൂടെയാണ് നടപ്പാക്കുന്നത്. ആകെ തുകയുടെ 50 ശതമാനമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. പല്ല് വെപ്പ് പൂർത്തിയാകുമ്പോൾ ബാക്കി തുക നൽകും. 2013 ലെ മുതിർന്ന പൗരന്മാർക്കുള്ള നയം അനുസരിച്ചാണ് 'മന്ദഹാസം' പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞവരാണ് ഗുണഭോക്താക്കൾ. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരും ഉപയോഗിക്കാനാവാത്ത വിധം നശിച്ചവർക്കും പുതിയ ദന്തനിര വെച്ചുനൽകുന്നതാണ് പദ്ധതി. പ്രചാരണക്കുറവും കമ്മിറ്റി കൂടാത്തതുമാണ് ഭൂരിഭാഗം ജില്ലകളിലും ഗുണഭോക്താക്കളുടെ പട്ടിക പോലും തയാറാകാത്തതിന് കാരണം. ജനുവരി 15 നകം പട്ടിക നൽകണമെന്ന നിർദേശം നൽകിയിട്ടും ഇതുവരെ നാല് ജില്ലകളാണ് മുന്നോട്ട് വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.