തൃശൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെ മുൾമുനയിൽ നിർത്തുന്ന നാല് ചോദ്യങ്ങളുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. പാത വികസിപ്പിക്കുേമ്പാൾ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്? നിലവിലുള്ള പാത വികസിപ്പിച്ച് വീതിയുള്ള പാത നിർമിക്കുേമ്പാൾ ടോൾ പാതയല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ? അനുഭവത്തിലുള്ളതുപോലെ സമാന്തര പാതകൾ കെട്ടിയടച്ച് ഉയർന്ന ടോൾ കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമോ? അതീവ ജനസാന്ദ്രതയുള്ള പ്രദേശത്തുകൂടി അതിവേഗപ്പാത നിർമിക്കുമ്പോൾ ജനത്തിെൻറ സുരക്ഷിതത്വത്തിന് എന്ത് പരിഹാരമാണ് സർക്കാറിന് നിർദേശിക്കാനുള്ളത്? പരിഷത്ത് പ്രസിഡൻറ് ടി. ഗംഗാധരനും ജനറൽ സെക്രട്ടറി ടി.കെ. മീരാഭായിയും പുറപ്പെടുവിച്ച പ്രസ്താവനയിലാണ് സർക്കാറിൽ നിന്ന് മറുപടി തേടുന്ന ഇൗ ചോദ്യങ്ങൾ. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ജനകീയ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് അവർ ഒാർമിപ്പിക്കുന്നു. പാതയുടെ രൂപരേഖ ഇടക്കിടെ മാറുകയും ബൈപാസിെൻറ കാര്യത്തിൽ ആശയക്കുഴപ്പം വർധിക്കുകയുമാണെന്ന് പരിഷത്ത് ആരോപിച്ചു. രൂപരേഖ കൃത്യമാക്കാത്ത കാലത്തോളം ജനത്തിെൻറ പരിഭ്രാന്തി കൂടും. സെപ്റ്റംബറിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി പണി തുടങ്ങുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പരിഷത്ത് സംശയങ്ങൾ ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിെൻറ തീരുമാനം മാറ്റാൻ അവർ തയാറല്ലാത്തതിനാലാണ് 30 മീറ്റർ പാത 45 മീറ്റർ ആക്കാൻ നിർബന്ധിതമായത് എന്ന സംസ്ഥാനത്തിെൻറ വാദം അംഗീകരിച്ചാലും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രശ്നം ബാക്കി നിൽക്കുന്നു. ഈ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള '3എ ഡിക്ലറേഷൻ' പുറപ്പെടുവിക്കുന്നതിന് മുമ്പ് കാര്യങ്ങളിൽ വ്യക്തത വരുത്തി ജനത്തെ അറിയിക്കണം. പുനരധിവാസ-നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച ശേഷമേ 3എ ഡിക്ലറേഷൻ പുറപ്പെടുവിക്കാവൂ. ജന സുരക്ഷക്ക് പരമ പ്രാധാന്യം നൽകി വേണ്ടത്ര മേൽപ്പാതകളും റോഡ് മുറിച്ചു കടക്കാനുള്ള സംവിധാനങ്ങളും മുൻകൂട്ടി പ്രഖ്യാപിക്കണം. പഴയ രൂപരേഖയിൽ മാറ്റം വരുത്തേണ്ടി വന്ന സാഹചര്യം എന്താണെന്ന് ജനത്തെ ബോധ്യപ്പെടുത്തണം. അവരുടെ പരാതി കേൾക്കാനും പരിഹരിക്കാനും സംവിധാനം വേണം. ജനാധിപത്യത്തിൽ ജനമാണ് പരമാധികാരിയെന്ന് ഒാർമിപ്പിച്ച പരിഷത്ത് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് മാത്രമേ വികസനം മുന്നോട്ട് കൊണ്ടുപോകാവൂ എന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.