'അഭയകിരണം': അർഹരായവർ സഹായത്തിന്​ കാത്തിരിക്കണം

തൃശൂർ: നിരാംലബരും അശരണരുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം ധനസഹായം നൽകുന്ന 'അഭയകിരണം' പദ്ധതയിൽ ഇരട്ടത്താപ്പ്. ആദ്യഘട്ടത്തിൽ ഇടംനേടിയ 300 പേരിൽ 200 പേർക്ക് മാത്രം സഹായം നൽകാനുള്ള ഫണ്ട് മാത്രമാണ് സർക്കാർ അനുവദിച്ചത്. 2017 മേയ് മുതൽ ഒക്ടോബർ വരെ പ്രതിമാസം 1,000 രൂപ നിരക്കിൽ 6,000 രൂപയാണ് 200 ഗുണഭോക്താക്കൾക്ക് നൽകുക. ബാക്കി 100 പേർക്ക് എത്ര വീതം വിതരണം ചെയ്യുമെന്ന് അറിയിപ്പില്ല. ഫണ്ട് അനുവദിക്കുന്ന മുറക്ക് ബാക്കിയുള്ളവരുടെ ധനസഹായം വിതരണം ചെയ്യുമെന്നാണ് സാമൂഹികനീതി ഡയറക്ടരുടെ അറിയിപ്പ്. അശരണരായ വിധവകളെ സംരക്ഷിക്കുന്നവർക്ക് മാസംതോറും ധനസഹായം നൽകണമെന്ന ലക്ഷ്യത്തിലാണ് അഭയകിരണം പദ്ധതി കൊണ്ടുവന്നത്. ഓരോ ജില്ലയിലെയും സാമൂഹിക നീതി ഓഫിസർ വഴിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. 14 ജില്ലകളിൽ നിന്ന് 302 ഗുണഭോക്താക്കളുടെ പട്ടികയാണ് ഉണ്ടായിരുന്നത്. ഇതിൽ ആലപ്പുഴ ജില്ലയിലെ രണ്ട് പേർ അനർഹരാണെന്ന് കണ്ട് ഒഴിവാക്കി. ഗുണഭോക്തൃ പട്ടികയിലെ ക്രമനമ്പർ മുൻഗണന ക്രമത്തിൽ തുക നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജില്ല തിരിച്ച് 200 ഗുണഭോക്താക്കൾക്ക് 1000 രൂപ നിരക്കിൽ ആറു മാസത്തേക്കുള്ള ധനസഹായമായി 12 ലക്ഷം രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം എട്ട്, കൊല്ലം 14, പത്തനംതിട്ട എട്ട്, ആലപ്പുഴ 22, ഇടുക്കി ഒമ്പത്, കോട്ടയം അഞ്ച്, എറണാകുളം 23, തൃശൂർ 16, പാലക്കാട് 14, മലപ്പുറം 18, കോഴിക്കോട് 40, വയനാട് 14, കണ്ണൂർ നാല്, കാസർകോട് എഴ് എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ആദ്യഘട്ടത്തിൽ ധനസഹായം ലഭിക്കുന്നവരുടെ കണക്ക്. മാനദണ്ഡങ്ങൾക്ക് വിധേയമായി ജില്ല സാമൂഹികനീതി ഓഫിസർമാർ ഗുണഭോക്താക്കളുടെ സംയുക്ത അക്കൗണ്ടിൽ തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്ത് നൽകും. അനർഹരായവർക്ക് ധനസഹായം നൽകിയതായി പരിശോധനയിൽ ബോധ്യപ്പെട്ടാൽ ബാധ്യതെ ബന്ധപ്പെട്ട ജില്ല സാമൂഹികനീതി ഓഫിസർമാർക്കായിരിക്കും. പട്ടികയിൽ ഇടം നേടിയ 100 പേർക്കു കൂടിയുള്ള ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.