തൃശൂർ: തൃശൂർ ഡി.സി.സി പ്രസിഡൻറും സുധീരൻ പക്ഷക്കാരനുമായ ടി.എൻ. പ്രതാപനുമായി പി.സി. ചാക്കോ കഴിഞ്ഞ ദിവസം തൃശൂരിലെത്തി ചർച്ച നടത്തി. തൃശൂർ ഡി.സി.സി ഓഫിസിൽ രാവിലെ പതിനൊന്നോടെയെത്തിയ ചാക്കോ 45 മിനിറ്റ് പ്രതാപെൻറ മുറിയിൽ അടച്ചിട്ടായിരുന്നു കൂടിക്കാഴ്ച. നേരത്തെ വിരുദ്ധ ചേരിയിലായിരുന്ന ഇരുവരും തമ്മിലെ കൂടിക്കാഴ്ച ഇതിനകം രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 'പടയൊരുക്കം' സംസ്ഥാന ജാഥയിൽ ചാക്കോക്ക് തൃശൂരിൽ വേദി നൽകാതിരുന്നത് പ്രതാപനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. നേതാക്കളുടെയെല്ലാവരുടെയും പടങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ചാക്കോ അവഗണിക്കപ്പെട്ടതിലും നോട്ടീസിൽ പേര് ഉൾപ്പെടുത്താത്തതിലും സമാപനവേദിയായ തേക്കിൻകാട് മൈതാനിയിൽ നടി നഗ്മ പങ്കെടുത്ത വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിലും അതൃപ്തനായിരുന്നു ചാേക്കാ. കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ, തൃശൂർ കോർപറേഷനിലെ പ്രതിപക്ഷ കക്ഷി ഉപനേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ജോൺ ഡാനിയേൽ തുടങ്ങിയവരും ഓഫിസിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരെ ഒഴിവാക്കിയായിരുന്നു അടച്ചിട്ട മുറിയിലെ ചർച്ച. കഴിഞ്ഞയാഴ്ച തൃശൂരിലെത്തിയ സുധീരനുമായി പ്രതാപൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോയുമായുള്ള ചർച്ച. എ ഗ്രൂപ്പിനൊപ്പം നിൽക്കുന്ന മുൻ തൃശൂർ ഡി.സി.സി പ്രസിഡൻറും മുൻ എം.എൽ.എയുമായ പി.എ. മാധവൻ ചാക്കോയോട് അനുഭാവമുള്ളയാളാണ്. കൂടിക്കാഴ്ച നടന്നതായി നേതാക്കൾ സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.