തൃശൂർ: ജില്ലയിലെ കോൺഗ്രസിൽ കലാപം മുറുകുന്നു. രാജ്യസഭ സീറ്റ് വിവാദത്തിൽ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിക്കൂട്ടിലാക്കി സുധീരൻ നിലപാട് സ്വീകരിച്ചതോടെ എ, ഐ ഗ്രൂപ്പുകൾ സുധീരെൻറ ഇഷ്ടക്കാരനായ പ്രതാപനെ പൂർണമായി അവഗണിക്കാനുള്ള തീരുമാനത്തിലാണ്. സുധീരെൻറ സപ്തതിയാഘോഷിക്കാനുള്ള ആലോചനയുടെ ഭാഗമായി മുതിർന്ന നേതാവ് കെ.പി. വിശ്വനാഥെൻറ അമ്പത്തഞ്ചര വർഷത്തെ പൊതുജീവിതം ആഘോഷിച്ചിരുന്നു. എന്നാൽ കല്ലുകടിയായി മാറിയ ആഘോഷത്തിന് പിന്നാലെ ഇരു ഗ്രൂപ്പുകളും നിലപാട് കടുപ്പിച്ചതോടെയാണ് സുധീരെൻറ സപ്തതിയാഘോഷം ഉപേക്ഷിച്ചത്. ജൂൈല രണ്ടിനായിരുന്നു ആഘോഷം തൃശൂരിൽ ചേരാൻ തീരുമാനിച്ചത്. മുതിർന്ന നേതാവ് സി.എൻ. ബാലകൃഷ്ണൻ ചെയർമാനും പ്രതാപൻ കൺവീനറും ഒ. അബ്ദുറഹിമാൻകുട്ടി ട്രഷററുമായി സ്വാഗതസംഘവും തീരുമാനിച്ചു. എ.കെ. ആൻറണിയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചത്. ചെയർമാൻ സ്ഥാനം രാജിവെക്കുന്നുവെന്ന് സി.എൻ അറിയിച്ചതോടെ പരിപാടി അനിശ്ചിതത്വത്തിലായി. ഇതിനിടെ ഇരുഗ്രൂപ്പുകളും അകന്നു. സഹകരിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെയാണ് പരിപാടി ഉപേക്ഷിച്ചത്. ജൂലൈ അഞ്ചിനാണ് ലീഡർ കെ. കരുണാകരൻ ജന്മശതാബ്ദിയാഘോഷം. മുൻ മന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ ഉദ്ഘാടകനായി ക്ഷണിച്ചതാണ് ഗ്രൂപ്പ് നേതാക്കളിൽ പ്രതിഷേധത്തിന് കാരണമായത്. ആലോചനായോഗം പോലും ചേരാതെ ഉദ്ഘാടകനെ നിശ്ചയിച്ചതിൽ എ, ഐ ഭേദമില്ലാതെ നേതാക്കൾ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐ ഗ്രൂപ്പ് നേതാക്കളോട് രൂക്ഷമായാണ് പ്രതിഷേധിച്ചത്. നിയമന വിവാദത്തിലായ ഗുരുവായൂർ അർബൻ ബാങ്ക് തുടങ്ങി ജില്ലയിൽ ഐ ഗ്രൂപ്പിെൻറ കൈവശമുണ്ടായിരുന്നത് നഷ്ടപ്പെടുത്തിയതിലും രമേശ് പ്രതിഷേധമറിയിച്ചിട്ടുണ്ട്. ജൂൺ 20 മുതൽ നിയോജകമണ്ഡലം യോഗങ്ങൾ ചേരാൻ തീരുമാനിച്ചെങ്കിലും ഗ്രൂപ്പുകളുടെ നിസ്സഹകരണം മൂലം നടന്നില്ല. ജൂലൈ ആറ് മുതൽ ഇത് വീണ്ടും നിശ്ചയിച്ചിട്ടുണ്ടെങ്കിലും സഹകരിക്കില്ലെന്ന നിലപാടിലാണ് ഇരു ഗ്രൂപ്പുകളും. ഇതിനിടെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്ന പഴം-പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘം ഭരണസമിതിയിൽ ഭിന്നിപ്പ് പരസ്യമായി. ടി.കെ. ശ്രീനിവാസൻ പ്രസിഡൻറും സെബി ഇരിമ്പൻ വൈസ് പ്രസിഡൻറുമായുള്ള ഭരണസമിതി ശനിയാഴ്ച ചുമതലയേറ്റുവെങ്കിലും ഭരണസമിതിയിലെ അംഗങ്ങൾ രാജിഭീഷണി നേതൃത്വത്തെ അറിയിച്ചു. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ അതൃപ്തിയിലാണ് രാജിഭീഷണി അറിയിച്ചതത്രെ. ഡി.സി.സി പ്രസിഡൻറ് അറിയാതെ ഭാരവാഹികളെ നിശ്ചയിച്ചത് വിവാദമായതിന് പിന്നാലെയാണ് അംഗങ്ങളുടെ രാജിഭീഷണിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.