പൊട്ടൻപാടം കുന്നിനെ മാലിന്യകുന്നാക്കുന്നു

ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ പുരാവസ്തു സംരക്ഷിത മേഖലയായ മുനിയാട്ടുക്കുന്നിന് സമീപത്തെ പൊട്ടന്‍പാടം കുന്നിൽ പന്നിവളര്‍ത്തല്‍ കേന്ദ്രത്തി​െൻറ മാലിന്യം തള്ളുന്നു. ഇത് ഒഴുകിയെത്തുന്നത് സമീപിത്തെ കുറുമാലി പുഴയിലേക്ക് ഒലിച്ചെത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതര സംസ്ഥാനത്തുനിന്നടക്കമുള്ള അറവു മാലിന്യമാണ് ഇവിടെ ചാക്കുകളിലാക്കി തള്ളുന്നത്. കുറേ മാലിന്യം കുഴിച്ചിട്ടനിലയിലുമാണ്. വളര്‍ത്തുപന്നികള്‍ക്ക് കൊടുക്കാനെന്ന വ്യാജേന കിലോക്ക് 15 രൂപ നിരക്കില്‍ വാങ്ങിയ ടണ്‍ കണക്കിന് മാലിന്യം ഇവിടെ തള്ളിയിരിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മുനിയാട്ടുക്കുന്നിനു മുകളിലുള്ള പൊട്ടന്‍പാടം എന്ന സ്ഥലത്തെ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലേക്കെന്ന വ്യാജേനയാണ് മാലിന്യം കൊണ്ടുവരുന്നത്. പുഴുവരിച്ചും ദുര്‍ഗന്ധം വമിച്ചും പരിസരത്ത് നില്‍ക്കാനാവാത്ത സ്ഥിതിയാണ്. പലയിടത്തും മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന മാലിന്യം മഴവെള്ളത്തിലൂടെ സമീപത്തെ പാറ മടകളിലേക്കും കുറുമാലി പുഴയിലേക്കും ഒഴുകിയെത്തുകയാണ്. മലിനജലം വനഭൂമിയിലൂടെ പൈപ്പിട്ട് പുഴയിലേക്ക് ഒഴുക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പന്നിഫാമിന് സമീപം അസുഖം ബാധിച്ച് ചത്ത പന്നിയെ വലിച്ചെറിഞ്ഞ നിലയിലാണ്. മാലിന്യം തള്ളലിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് കോഴിക്കോട്ടുനിന്ന് കൊണ്ടുവരികയായിരുന്ന മാലിന്യം കയറ്റിയ രണ്ട് ലോറി നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.