തൃശൂർ: വായന പക്ഷാചരണത്തിെൻറ ഭാഗമായി സാഹിത്യ അക്കാദമിയും ജില്ല ലൈബ്രറി കൗൺസിലും ചേർന്ന് നടത്തിയ വായന പാർലമെൻറ് വേറിട്ട അനുഭവമായി. കേരളീയ മനസ്സ് സർഗാത്മകമാകണമെങ്കിൽ പാഠ്യപദ്ധതിയിൽ സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്ന് ഉദ്ഘാടകനായ സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പറഞ്ഞു. മാനസിക മലിനീകരണം നടത്തുന്ന തരം ദൃശ്യമാധ്യമങ്ങളെ പ്രതിരോധിക്കാൻ പുതുതലമുറയുടെ വായന േപ്രാത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പുരോഗമന, ജനാധിപത്യ പ്രസ്ഥാനങ്ങളെ വളർത്തിയത് ഗ്രന്ഥശാലകളാണെന്ന് അധ്യക്ഷത വഹിച്ച മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. ജീവിതത്തിലേക്ക് സാഹിത്യത്തേയും സാഹിത്യത്തിലേക്ക് ജീവിതത്തേയും കടത്തിവിടാനാണ് സമീപകാലം ആവശ്യപ്പെടുന്നതെന്ന് അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ പറഞ്ഞു. സാഹിത്യം സാങ്കേതികവിദ്യയുമായി സൗഹൃദത്തിലാകണമെന്ന് ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. വായനക്ക് സാർവ ദേശീയ സ്വഭാവം കൈവന്നിരിക്കുകയാണ്. ഒരിടത്തിരുന്ന് എഴുതപ്പെടുന്ന സാഹിത്യം ലോകത്തെവിടെ നിന്നും ആസ്വദിക്കാവുന്നത്ര വിപുലമായിട്ടുണ്ട് വാർത്താവിനിമയങ്ങളുടെ ലോകം. അതിനനുസൃതമായി ഭാഷയും സാഹിത്യവും നവീകരിക്കുന്ന കാര്യത്തിൽ പുതിയ തലമുറ എത്രയോ മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക സൗകര്യങ്ങൾക്കൊത്ത് എഴുത്തിനെ സമ്പുഷ്ടമാക്കാൻ ഭാഷാസ്നേഹികൾ ശ്രമിക്കണമെന്ന് അശോകൻ ചരുവിൽ പറഞ്ഞു. ഒരു കാലത്ത് സജീവ സാംസ്കാരികകേന്ദ്രങ്ങളായിരുന്ന വായനശാലകൾ മധ്യവയസ്കരുടെ വിശ്രമകേന്ദ്രമായി മാറിത്തീർന്നുവെന്ന് ഡോ.എസ്.കെ. വസന്തൻ പറഞ്ഞു. മലയാളപുസ്തകങ്ങളുടെ ബിബ്ലിയോഗ്രഫി തയാറാക്കുന്നതിലും ഡിജിറ്റലൈസേഷൻ നടത്തുന്നതിലും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ലളിതലെനിൻ പറഞ്ഞു. വായന പാർലമെൻറിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ സ്പീക്കറായി. സദസ്സ്യരുടെ ചോദ്യങ്ങൾക്ക് എഴുത്തുകാർ മറുപടി നൽകി. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ. ഹരി സ്വാഗതവും ആരിഫാബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.