തൃശൂർ: സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുണ്ട് കോർപറേഷൻ ജനറൽ ആശുപത്രിയിൽ. പക്ഷേ, ഡോക്ടർമാരും നഴ്സുമാരും ആവശ്യത്തിനില്ല. ഉള്ളവരെ ഡെപ്യൂട്ടേഷനിൽ മറ്റിടങ്ങളിലേക്ക് മാറ്റുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയിൽ രാത്രി ഗൈനക്കോളജിസ്റ്റിെൻറ സേവനമില്ല, സ്റ്റാഫ് നഴ്സുമാരുമില്ല. ജനറൽ ആശുപത്രി സൂപ്പർ സ്പെഷാലിറ്റിയാക്കുന്നത് സംബന്ധിച്ച മന്ത്രി വി.എസ്. സുനിൽകുമാറിെൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം വകുപ്പ് മേധാവികൾ ഉന്നയിച്ചു. ശസ്ത്രക്രിയക്ക് തിയറ്റർ അനുവദിക്കുന്നത് സംബന്ധിച്ച് വകുപ്പ് മേധാവികൾ തർക്കിച്ചു. സൗമ്യഭാവത്തിൽ കേട്ടിരുന്ന മന്ത്രി ഒടുവിൽ സ്വരം കടുപ്പിച്ചു. തർക്കം കേട്ടിരിക്കാൻ വന്നതെല്ലന്നും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രിയാണ്. വകുപ്പു മേധാവികൾ അടക്കമുള്ളവരും പൊതുപ്രവർത്തകരായ തങ്ങളും ചെയ്യുന്നത് ഒരേ തരത്തിലുള്ള ഉത്തരവാദിത്തമാെണന്നും പൊതുജനത്തോട് മറുപടി പറയേണ്ട ബാധ്യത കൂടുതലുള്ളത് പൊതുപ്രവർത്തകർക്കാണെന്നും മന്ത്രി ഒാർമിപ്പിച്ചു. അതോടെ തർക്കം അവസാനിച്ചു. ഒഫ്താൽമോളജി വിഭാഗത്തിന് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ശസ്ത്രക്രിയക്ക് തിയറ്റർ അനുവദിക്കുന്നതെന്നും മറ്റു ദിവസങ്ങളിൽ രോഗികൾ വലയുകയാണെന്നും വകുപ്പ് മേധാവി പറഞ്ഞു. സൗകര്യക്കുറവും അണുബാധ പ്രശ്നവുമാണ് തിയറ്റർ അനുവദിക്കുന്നതിലെ തടസ്സമെന്നും ജീവനക്കാരില്ലാത്ത പ്രശ്നമുണ്ടെന്നും അനസ്തേഷ്യാ വിഭാഗം മേധാവി പറഞ്ഞു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. വേണമെന്നു വെച്ചാൽ എന്തും നടക്കുമെന്ന് ഡി.എം.ഒ പറഞ്ഞതോടെ തർക്കം രൂക്ഷമായി. ഇതോടെയാണ് മന്ത്രി ഇടപെട്ടത്. എല്ലുരോഗ വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വേണമെന്നും ശിശുചികിത്സ വിഭാഗം പ്രവർത്തിക്കുന്ന രണ്ടാം നിലയിൽ ചോർച്ചയുണ്ടെന്നും മേധാവികൾ അറിയിച്ചു. പാലിയേറ്റിവ് കെയറിന് പ്രത്യേക സൗകര്യമൊരുക്കണമെന്ന ആവശ്യവും മന്ത്രി അംഗീകരിച്ചു. ആവശ്യത്തിന് നഴ്സുമാരില്ലാത്തത് സംബന്ധിച്ചും ഗൈനക്കോളജിയിൽ രാത്രി ഡോക്ടറില്ലാത്തതും നഴ്സിങ് സൂപ്രണ്ട് അറിയിച്ചു. ഏഴ് ഗൈനക്കോളജിസ്റ്റുകൾ ഉള്ളപ്പോൾ രാത്രി ആളില്ലാത്ത സാഹചര്യം പാടില്ലെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടേഷനിൽ വിട്ടവരെ തിരിച്ചു വിളിക്കാനും അടിയന്തരാവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാനും ഡി.എം.ഒക്ക് മന്ത്രി നിർദേശം നൽകി. ഒഴിവുകളും പുതിയ നിയമനങ്ങളും അടിയന്തര പ്രാധാന്യമനുസരിച്ചുള്ള ഉപകരണങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാൻ മന്ത്രി നിർദേശിച്ചു. 135 കോടി രൂപ െചലവിട്ട് സൂപ്പർ സ്പെഷാലിറ്റിയാക്കുന്ന പദ്ധതി തയാറായതായി മന്ത്രി അറിയിച്ചു. മേയർ അജിത ജയരാജൻ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.എൽ. റോസി, ഡി.എം.ഒ ഡോ. ബേബി ലക്ഷ്മി, സൂപ്രണ്ട് ഡോ. ശ്രീദേവി തുടങ്ങിയവരും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.