അംഗപരിമിതർക്ക്​ ഇനി 'പരിരക്ഷ'യുണ്ട്​ കൂടെ

തൃശൂർ: അത്യാവശ്യ സഹായം വേണ്ട ഘട്ടങ്ങളിൽ കൂട്ടിനു ആരുമില്ലെങ്കിലും അംഗപരിമിതർക്ക് കൈതാങ്ങേകാൻ ഇനി 'പരിരക്ഷ'കൂടെയുണ്ടാവും. മറ്റുള്ളവരേക്കാൾ കൂടുതൽ ശ്രദ്ധയും പരിചരണവും അംഗപരിമിതർക്ക് ഉറപ്പാക്കാൻ അടിയന്തര സഹായത്തിനായി 'പരിരക്ഷ'പദ്ധതി നടപ്പാക്കാൻ സർക്കാർ തുക അനുവദിച്ചു. 2018-19 സാമ്പത്തിക വർഷത്തേക്ക് ഓരോ ജില്ലക്കും അഞ്ച് ലക്ഷം രൂപ വീതം 70 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യ ഗഡുവായി ഓരോ ജില്ലക്കും ഒരു ലക്ഷം രൂപ വിതരണം ചെയ്യും. തുകയുടെ വിനിയോഗം 80 ശതമാനമാകുമ്പോൾ രണ്ടാം ഗഡു ലഭിക്കും. കലക്ടർ ചെയർമാനും ജില്ല സാമൂഹികനീതി ഓഫിസർ കൺവീനറുമായ മോണിറ്ററിങ് കമ്മിറ്റിക്കാണ് ഓരോ ജില്ലയിലും പദ്ധതി നടത്തിപ്പി​െൻറ ചുമതല. ജില്ല മെഡിക്കൽ ഓഫിസർ, ജില്ല ക്രൈം റിക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി, ഡെൽസ പ്രതിനിധി, അംഗപരിമിതരുടെ സംഘടനയിലെ രണ്ട് അംഗങ്ങൾ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാവും. സ്ത്രീ, പുരുഷ, ട്രാൻസ്ജെൻഡർ ഭേദമന്യേ എല്ലാ അംഗപരിമിതർക്കും സേവനം ലഭ്യമാകും. അടിയന്തര സാഹചര്യത്തിലെ സേവനമായതിനാൽ ദാരിദ്ര രേഖ പരിധി വേർതിരിവ് ഒഴിവാക്കും. 40 ശതമാനം മുകളിൽ വൈകല്യമുള്ളവരാണ് പദ്ധതിയിൽ ഉൾപ്പെടുക. അടിയന്തരമായി പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലൻസ് സേവനം, വസ്ത്രം, ഭക്ഷണം നൽകൽ എന്നിവ പദ്ധതി ലക്ഷ്യമാണ്. ഉപേക്ഷിക്കപ്പെട്ട നിലയിലോ അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്നവരുമായ അംഗപരിമിതരെ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നതുൾെപ്പടെ പദ്ധതി പരിധിയിൽ വരും. പ്രകൃതി ദുരന്തത്തിനിരയാകുന്നവർക്കും ജീവനോ സ്വത്തിനോ അപകടമുള്ളവർക്കുമായും തുക വിനിയോഗിക്കാം. 25,000 രൂപ വരെ ജില്ല സാമൂഹികനീതി ഓഫിസർക്ക് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെ വിനിയോഗിക്കാം. അത്യാവശ്യഘട്ടങ്ങളിലെ പ്രാഥമിക ചികിത്സക്ക് സ്വകാര്യ ആശുപത്രികളിലെത്തിക്കാം. വിദഗ്ധ ചികിത്സ അനിവാര്യമായ ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കണം. സഹായത്തിനാരുമില്ലാത്ത അംഗപരിമിതർക്ക് സഹായിയെ നിയോഗിക്കുന്നതിനും പദ്ധതി ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാൻ അനുവാദമുണ്ട്. പദ്ധതി നടത്തിപ്പു സംബന്ധിച്ച മാർഗരേഖയും വിശദാംശങ്ങളും സാമൂഹികനീതി ഡയറക്ടറേറ്റ് പുറത്തിറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.