തൃശൂർ: തുടരുന്ന കനത്ത മഴയിൽ നാട് വെള്ളത്തിലായി. കുതിരാനിലും, പുഴക്കലിലും, ഒല്ലൂർ, ചാവക്കാട് എന്നിവിടങ്ങളിലും റോഡുകൾ തകർന്നത് കനത്ത ഗതാഗതക്കുരുക്കിനിടയാക്കി. മണിക്കൂറുകളോളം റോഡിൽ കുരുക്ക് അനുഭവപ്പെട്ടു. ഒല്ലൂരിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടിയെടുത്ത കുഴിയിൽ ബസ് കുടുങ്ങിയതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് ബസ് മാറ്റാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പുഴക്കലിൽ ശോഭാ സിറ്റിക്ക് സമീപമാണ് കുരുക്ക്. ഇവിടെ പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ചെറുവാഹനങ്ങൾക്ക് പോലും കടന്നുപോവുന്നതിന് തടസ്സമായി. വെള്ളം ഒഴുകിപ്പോവാൻ കഴിയാത്തതാണ് പലയിടത്തും വെള്ളക്കെട്ടിന് കാരണമായത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വെള്ളം കയറിയ തൃശൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളമുയർന്നു. പുഴക്കൽ കുരുക്ക് പുഴക്കൽ: യാത്രക്കാരുടെ തിരക്കേറുന്ന രാവിലെയും വൈകീട്ടുമാണ് പുഴക്കലിൽ കനത്ത കുരുക്ക് അനുഭവപ്പെടുന്നത്. മറ്റ് സമയങ്ങളിൽ കുരുക്കുണ്ടെങ്കിലും അത്ര സാരമുള്ളതല്ല. നേരത്തെ മുതുവറയിലെ തകർന്ന റോഡായിരുന്നു കുരുക്കിന് കാരണമെങ്കിൽ ഇപ്പോൾ പുഴക്കൽ പാലം തന്നെയാണ് കുരുക്കുണ്ടാക്കുന്നത്. ഇടക്കിടെ അപകടങ്ങളും പതിവാകുന്നു. ശോഭസിറ്റിയിലേക്ക് പെട്ടെന്ന് കടക്കാനുള്ള വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നതെങ്കിൽ രാത്രി എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റാണ് അപകടകാരിയാവുന്നത്. ഇടുങ്ങിയ പാലത്തിെൻറ ഭാഗത്ത് ഗർത്തങ്ങൾ രൂപപ്പെട്ടും വാഹനങ്ങൾ കുഴിയിൽ ചാടിയും നിരന്തരം അപകടമുണ്ടാവുന്നു. പാലത്തിലെ കുരുക്കിൽപെട്ട് വാഹനങ്ങൾ പുഴക്കൽ ട്രാഫിക് സിഗ്നൽ വരെയും അമല വിലങ്ങൻ വരെയും നീളും. ഇരു ചക്രവാഹനങ്ങൾ കാൽനടപ്പാതയിലേക്കിറങ്ങി കടന്നുപോവുന്നുണ്ടെങ്കിലും മറ്റ് വാഹനങ്ങൾക്ക് കടക്കാൻ കഴിയില്ല. ട്രാഫിക് പൊലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും പലപ്പോഴും ഇവരും നിസ്സഹായരാവും. തകർന്ന പാലത്തിന് പകരമായി, അനുവദിച്ച പുതിയ പാലം നിർമാണം അടുത്ത ദിവസം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.