ഗുരുവായൂർ: ഇരിങ്ങപ്പുറത്തെ പ്രഭാകരൻ സ്മാരക വായനശാലയുടെ ലൈബ്രേറിയനാകുമ്പോൾ വിജയന് പ്രായം 13 മാത്രം. 75 പിന്നിടുമ്പോഴും വിജയെൻറ ലോകം വായനശാല തന്നെ. വായന വളർത്തുക ജീവിത ദൗത്യമായിട്ടാണ് പോസ്റ്റ് മാസ്റ്ററായി വിരമിച്ച വിജയൻ കാണുന്നത്. വായനശാലകൾക്കായി സ്വയം സമർപ്പിച്ച ഈ ജീവിതത്തിനുള്ള അംഗീകാരമായിരുന്നു ഈ വർഷത്തെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ഇരിങ്ങപ്പുറത്തിെൻറ വിജയൻ മാഷിനെ തേടിയെത്തിയത്. സംസ്ഥാനത്തെ മികച്ച ആറ് ഗ്രന്ഥശാല പ്രവർത്തകരിൽ ഒരാളായാണ് അക്കാദമി വിജയനെ തിരഞ്ഞെടുത്തത്. ആർത്താറ്റ് സ്കൂളിലെ അധ്യാപകനായിരുന്ന കർണംകോട്ട് കുമാരനാണ് മകൻ വിജയനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. പിന്നീട് വായന ലഹരിയായി. അങ്ങനെയാണ് സ്കൂൾ വിദ്യാർഥിയായിരിക്കെ ലൈബ്രേറിയനാകുന്നത്. 1960ൽ ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയിൽ അംഗമായി. പിന്നീട് നാളിതുവരെയുള്ള വായനശാലയുടെയും വിജയെൻറയും ചരിത്രം വേർതിരിക്കാനാവില്ല. '62ൽ വായനശാലയുടെ ലൈബ്രേറിയനായി. '64 ൽ വായനശാല സെക്രട്ടറിയുമായി. പിന്നെ 2004ൽ കോട്ടപ്പടി സർവിസ് സഹകരണ ബാങ്കിെൻറ പ്രസിഡൻറായി മാറുന്നതുവരെ നാല് പതിറ്റാണ്ട് വിജയനായിരുന്നു വായനശാല സെക്രട്ടറി. നിലവിൽ ജോ. സെക്രട്ടറിയാണ്. ഇതിനിടെ അഞ്ച് വർഷം ചാവക്കാട് താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറിയായി. ഇപ്പോൾ കമ്മിറ്റി അംഗമാണ്. പ്രായം 75ൽ എത്തിയെങ്കിലും ഇപ്പോഴും ഇരിങ്ങപ്പുറം വായനശാലയുടെ വായന മുറി ദിവസവും രാവിലെ തുറക്കുന്നത് വിജയനാണ്. വൈകീട്ടും വായനശാലയിലെത്തും. ഇത് വിജയെൻറ ദിനചര്യയുടെ ഭാഗമാണ്. ഇരിങ്ങപ്പുറം വായനശാലയെ നാടിെൻറ സാംസ്കാരിക കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. എം.ടി. വാസുദേവൻ നായർ, സംവിധായകൻ ജി. അരവിന്ദൻ, കടമ്മനിട്ട, സാറ ജോസഫ്.... ഇങ്ങനെ ഒട്ടേറെ പ്രമുഖർ ഈ വായനശാലയിലെത്തി ജനങ്ങളുമായി സംവദിച്ചു. ഫിലിം സൊസൈറ്റിയുടെ പ്രവർത്തകനായിരുന്ന കാലത്ത് നിരവധി നല്ല സിനിമകൾ വായനശാലയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസമനുഭവിച്ച സാഹിത്യകാരന്മാർക്ക് അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്വീകരണം നൽകിയ വിപ്ലവകരമായ ചരിത്രവും ഈ വായനശാലക്കുണ്ട്. വിജയൻ സെക്രട്ടറിയായിരിക്കെ തുടങ്ങിയ മാസത്തിൽ ഒരു സാംസ്കാരിക പരിപാടി എന്ന രീതി ഇപ്പോഴും ഈ വായനശാലയിൽ തുടരുന്നു. വായനശാല പ്രസിഡൻറ് എ.ഐ. ഹനീഫയും സെക്രട്ടറി ടി.എസ്. ഷെനിലും പ്രധാന പ്രവർത്തനങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് വിജയെൻറ നിർദേശങ്ങൾക്കനുസൃതമായാണ്. വായനശാലയുടെ നേതൃത്വത്തിൽ രൂപം നൽകിയ, മൃതശരീരം മെഡിക്കൽ കോളജിന് നൽകുന്ന പദ്ധതിയിൽ ഇതുവരെ നാലുപേരുടെ ശരീരം നൽകി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ സന്ദേശം നൽകുന്ന പരിപാടികളും വായനശാല പ്രവർത്തനത്തിെൻറ ഭാഗമാണ്. ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിെൻറ സംരക്ഷണത്തിലും വായനശാലയുടെ പങ്ക് ചെറുതല്ല. പതിനായിരത്തോളം പുസ്തകങ്ങളാണ് ഇപ്പോൾ വായനശാലയിലുള്ളത്. ബാലവേദി, വനിതാവേദി, യുവത, വയോജന വേദി എന്നീ വിഭാഗങ്ങൾ രൂപവത്കരിച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്കു പിന്നിലും വിജയ സ്പർശമുണ്ട്. കുട്ടികളെ വായനയിലേക്ക് ആകർഷിക്കുന്നതിനും ഇവിടെ പദ്ധതികളുണ്ട്. അംഗത്വമില്ലാതെ തന്നെ കുട്ടികൾക്ക് പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി കൊണ്ടുപോകാം. വിവിധ മത്സരങ്ങൾ നടത്തിയും കുട്ടികളെ ആകർഷിക്കുന്നു. റിട്ട. അധ്യാപിക മല്ലികയാണ് ഭാര്യ. വിമൽ, നഗരസഭ ക്ഷേമ സ്ഥിരം സമിതി അധ്യക്ഷൻ വിവിധ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.